കുമ്പനാട്: ഇന്ത്യ പെന്തെക്കോന്ത് ദൈവസഭ ജനറൽ പ്രസിഡന്റും പ്രമുഖ സുവിശേഷകനുമായ റവ. ഡോ. ടി. വത്സൻ എബ്രഹാം (72 ) കാലിഫോർണിയയിൽ നിര്യാതനായി. രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ നവംബർ 4-നായിരുന്നു അന്ത്യം. സഭാ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം ദീർഘകാലം ശ്രദ്ധേയമായ നേതൃത്വം നൽകി.
ഐ.പി.സി സ്ഥാപകൻ പാസ്റ്റർ കെ. ഇ. എബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി. സ്റ്റീഫൻ എബ്രഹാമിന്റെ മകനുമാണ്. ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരി പ്രസിഡന്റ്, ഇന്ത്യ ഗോസ്പൽ ഔട്ട്രീച്ച് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സുവിശേഷ രംഗത്ത് സേവനമനുഷ്ഠിച്ചിരുന്നു.
ഒസ്മാനിയ സർവകലാശാലയിലും അമേരിക്കയിലും ഉപരിപഠനം നടത്തി. 2006-13 കാലയളവിൽ ഐ.പി.സി ജനറൽ സെക്രട്ടറിയായും 2019 മുതൽ ജനറൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കൂടാതെ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
’ദി സിൻഡ്രെല്ല ചലഞ്ച്’ പുസ്തക രചയിതാവാണ്. ലാലി എബ്രഹാമാണ് ഭാര്യ. സ്നേഹ, ആൻ, സന്തോഷ്, ആഷ എന്നിവർ മക്കളുമാണ്. നാലു പതിറ്റാണ്ടിലേറെ സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ പ്രമുഖ സഭാ നേതാക്കളും വിശ്വാസികളും അനുശോചനം രേഖപ്പെടുത്തി.

Comments are closed.