Ultimate magazine theme for WordPress.

അദ്വിതീയമായ ദൈവവചനം

സങ്കീർത്തനം 119
പാസ്റ്റർ റോയി ഇ ജോയി

 

“ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം” (സങ്കീർത്തനം 119.72).
ദൈവത്തിന്റെ ന്യായപ്രമാണം ഈ ജീവിതത്തിലും വരുവാനുള്ള ജീവിതത്തിലും സങ്കീർത്തനക്കാരന് അത്യുത്തമമാണ്. സർവലോകത്തിൽനിന്നുമുള്ള കെട്ടുകണക്കിനു പൊന്നും വെള്ളിയും ദൈവത്തിൻ്റെ വായിൽനിന്ന് വരുന്ന ന്യായപ്രമാണത്തിൻ്റെ ധനമാഹാത്മ്യത്തിൻ്റെ അടുത്തെങ്ങും വരികയില്ല. മനുഷ്യന് അതിന്റെ വില മനസ്സിലാക്കാനൊക്കുകയില്ല. ആഴം വിളിച്ചുപറയുന്നു, “അതിന്റെ മൂല്യം എനിക്കറിയില്ല.” സമുദ്രം പറയുന്നു, “ഞാനതിൻ്റെ അമൂല്യത മനസ്സിലാക്കുവാൻ പെടാപാടുപെടുന്നു.” മുന്തിയ ഇനം സ്വർണംകൊണ്ട് അതു വാങ്ങുവാനാകയില്ല, അതിന്റെ വില വെള്ളികൊണ്ട് തൂക്കിയെടുക്കുവാനാകയില്ല. ഓഫീറലെ പൊന്നുകൊണ്ട് അതു വാങ്ങാനൊക്കില്ല, ഗോമേദകംകൊണ്ടോ നീലരത്നംകൊണ്ടോ ഒട്ടുമേ വാങ്ങാനൊക്കുകയില്ല. സ്വർണംകൊണ്ടോ പളുങ്കുകൊണ്ടോ ദൈവത്തിന്റെ വായിൽനിന്നു വരുന്ന വചനങ്ങളെ താരതമ്യം ചെയ്യാനൊക്കുമോ, എപ്പോഴെങ്കിലും തങ്കംകൊണ്ടുള്ള പണ്ടങ്ങൾക്ക് അതു വാങ്ങുവാനൊക്കുമോ? പവിഴത്തിൻ്റെയും സ്ഫടികത്തിൻ്റെയും വില ദൈവവചനത്തിനൊക്കുമോ? ദൈവികജ്ഞാനത്തിൻ്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ. കൂശിലെ പുഷ്പരാഗം അതിനോട് ഒക്കുന്നില്ല; തങ്കം കൊണ്ട് അതിന്റെ വില മതിക്കാവുന്നതുമല്ല. ആകാശത്തിലെ പക്ഷികൾ അവയുടെ സ്രഷ്ടാവിൻ്റെ സ്വരം കേൾക്കുവാൻ ആഗ്രഹിക്കുന്നു (ഇയ്യോബ് 28.12-21 പരാവർത്തനം; സദൃ. 8 വായിച്ചാലും, ക്രിസ്തുവിനെ ദൈവശക്തിയും ദൈവജ്ഞാനവുമായി വിവരിക്കുന്നു 1 കൊരി. 1.24). ഇതൊക്കെകൊണ്ടല്ലേ അനവധി ക്രിസ്ത്യാനികൾ തങ്ങളുടെ ജീവനെ അപകടകരമായ നിലയിൽ ആക്കികൊണ്ട് ‘ഇരുമ്പു മറകൾക്ക്’ (സുവിശേഷം നിരോധിക്കപ്പെട്ട രാജ്യങ്ങൾ) ഉള്ളിലേക്ക് ബൈബിൾ കടത്തുവാൻ പരിശ്രമിച്ചത്. ബ്രദർ ആൻഡ്രു അത്തരത്തിലുള്ള ഒരുവനായിരുന്നു (ലഭ്യമെങ്കിൽ വായിക്കുക: ‘God’s Smuggler: Brother Andrew, Brother Andrew: God’s Secret Agent). ദൈവവചനം വായിക്കുവാനും ധ്യാനിക്കുവാനും മനഃപാഠമാക്കുവാനും ലഭിക്കുന്ന നിമിഷങ്ങൾ ജീവിതത്തിൽ അനുപമമാണ്. ദൈവത്തിന്റെ വായിൽനിന്നു വന്ന ന്യായപ്രമാണത്തിൽനിന്നാണ് നമുക്ക് ഉത്തമമായ ജ്ഞാനം ലഭിക്കുന്നത്. അതുകൊണ്ട് സങ്കീർത്തനക്കാരന് ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ ന്യായപ്രമാണം വിലയേറിയതായി മാറി.

ദൈവത്തിന്റെ വായിക്ക് ഇവിടെ ഊന്നൽ ഉണ്ട്. അതിനാൽ അവന്റെ വായിൽനിന്ന് ഉപദേശം കൈക്കൊൾക (ഇയ്യോബ് 22.22). ഈയൊരു ഭാഗം മുഴുവനും ദൈവവചനത്തിൻ്റെ മൂല്യത്തെക്കുറിച്ചായിരുന്നു.

ഇംഗ്ലണ്ടിൽ 1500 കളുടെ ആരംഭത്തിൽ വിപ്ലവകരമായ ആശയങ്ങളോടുകൂടെ വില്യം ടിൻഡേയ്ൽ ജീവിച്ചിരുന്നു. അവന് ഒരു സ്വപ്നമുണ്ടായിരുന്നു, എല്ലാ സാധാരണക്കാരും കർഷകരും അവരുടെ മാതൃഭാഷയിൽ ബൈബിൾ വായിക്കണം. അന്ന് ബൈബിൾ ലാറ്റിൻ ഭാഷയിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അക്കാരണത്താൽ ലാറ്റിൻ ഭാഷ അറിയാത്തവർക്ക് ബൈബിൾ ലഭ്യമായിരുന്നില്ല, മാത്രമല്ല സഭ ബൈബിൾ വിവർത്തനത്തിന് എതിരുമായിരുന്നു. അത് സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വായിക്കാൻ കൊടുക്കുന്നത് ദൈവദൂഷണമായി കരുതിയിരുന്നു. ടിൻഡേയ്ൽ ഇംഗ്ലണ്ടിൽനിന്നു പുറത്തുകടന്നു ബൈബിൾ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് ഓരോ ഭാഗങ്ങളായി ഇംഗ്ലണ്ടിലേക്ക് കടത്തിവിട്ടു. അത് പ്രിൻ്റു ചെയ്ത് സാധാരണക്കാർക്ക് എത്തിച്ചു കൊടുത്തു. അതിൻ്റെ ഫലം വിപ്ലവകരമായിരുന്നു. പക്ഷേ, ക്രൂരമായ രീതിയിൽ അവൻ അറസ്റ്റു ചെയ്യപ്പെട്ട് തീയിൽ കൊല്ലപ്പെട്ടു. അവൻ്റെ അവസാന പ്രാർഥന, “ദൈവമേ, ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണുകളെ തുറക്കണമേ” എന്നായിരുന്നു. ചില വർഷങ്ങൾക്കുശേഷം ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണുകൾ തുറന്നു. അവൻ King James Version ബൈബിൾ പുറത്തിറക്കി. അതിലെ 80% വിവർത്തനവും ടിൻഡേയ്ലിൻ്റെതായിരുന്നു. തൻ്റെ ജീവനെയും അപകടത്തിലാക്കി അവൻ വിജയം നേടി.

Sharjah city AG

Comments are closed.