ഐ.സി.പി. എഫ് . ക്യാമ്പ് സെന്റർ മുട്ടുമൺ ; പ്രൊഫ. മാത്യു പി. തോമസ് ആശങ്കയും അഭിപ്രായവും ഉന്നയിക്കുന്നു.
ഐ.സി.പി.എഫിന്‍റെ കേന്ദ്ര ഓഫീസും അതോടനുബന്ധിച്ചുള്ള ഡോർമെറ്ററികളും പ്രധാന ഹാളും ഉള്‍പ്പെടുന്ന ബില്‍ഡിങ്ങാണ് കോവിഡ് കെയർ സെന്‍ററിനായി ഗവണ്‍മെന്‍റ് ഏറ്റെടുത്തിട്ടുള്ളത്. ഐ.സി.പി.എഫിന്‍റെ മുട്ടുമണ്ണിലെ പ്രധാന ഓഫീസിനോട് ചേർന്നുള്ള ഹാളും ഡോർമെറ്ററിയും കോവിഡ് കെയർ സെന്‍ററിനായി പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും ജില്ലാ കലക്ടറും നിർബന്ധമായി ആവശ്യപ്പെട്ടതുകൊണ്ട് തുറന്നു കൊടുക്കുകയുണ്ടായി. അങ്ങേയറ്റം ശ്ലാഘനീയമായ കാരുണ്യപ്രവൃത്തിയാണ് ഐ.സി.പി.എഫ് ചെയ്തതെങ്കിലും ഈ വർഷം ബില്‍ഡിങ് വിട്ടുകൊടുക്കുന്നതിന് സാങ്കേതികമായി ചില തടസ്സങ്ങള്‍ പ്രൊഫ. മാത്യു പി. തോമസ് ഉന്നയിക്കുന്നു. കഴിഞ്ഞ വർഷം 9 മാസത്തോളം ക്വാറന്‍റൈന്‍ സെന്‍ററായി ഐ.സി.പി.എഫിന്‍റെ ബില്‍ഡിങ് ഗവണ്‍മെന്‍റ് ഉപയോഗിക്കുകയുണ്ടായി. പല ആളുകളും വന്ന് അശ്രദ്ധയോടെ ഉപയോഗിച്ചതു നിമിത്തം ആ ബില്‍ഡിങ്ങിലെ 24 മുറികൾക്കും ബാത്ത് റൂമുകൾക്കും കേടുപാടുകള്‍ സംഭവിച്ച് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ, ആവശ്യത്തിനുള്ള വെള്ളം ഇവിടെ ഇല്ലാത്തതുകൊണ്ട് വലിയൊരു സംഖ്യ മുടക്കിയാണ് ലക്ഷക്കണക്കിനു ലിറ്റർ വെള്ളം വാങ്ങി നല്‍കിയത്. മുറികളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും, വെള്ളത്തിനും ചിലവായ സംഖ്യ ഉള്‍പ്പെടെ വലിയൊരു തുക ഐ.സി.പി.എഫിനു ബാധ്യതയായി. കൂടാതെ, നീണ്ട മാസങ്ങള്‍ കൊണ്ട് ആളുകള്‍ ഉപയോഗിച്ച് ഇട്ടിട്ടുപോയ വേസ്റ്റ് നിർമാർജനം ചെയ്യാഞ്ഞതുമൂലം അതു കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ ഉയർന്ന പുക പരിസരവാസികള്‍ക്ക് വലിയ പ്രശ്നവും സൃഷ്ടിച്ചു. ബാത്ത് റൂം ഉള്‍പ്പെടെ മുറികളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തീകരിക്കാന്‍ സർക്കാരില്‍ നിന്നും സഹായം ലഭിക്കും എന്ന അറിവു പ്രകാരം ബന്ധപ്പെട്ടവരെ സമീപിച്ച് അപേക്ഷ സമർപ്പിച്ചെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ല. ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ഓർഗനൈസേഷന് നഷ്ടപരിഹാരം നല്‍കാന്‍ നിയമപരമായി ബുദ്ധിമുട്ടുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. ഇപ്പോൾത്തന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഐ.സി.പി.എഫ് മുന്നോട്ടു പോകുന്നത്. കേരളത്തിലും പുറത്തുമുള്ള ഒട്ടേറെ സ്റ്റാഫിന്‍റെ ആവശ്യങ്ങള്‍ നിർവഹിക്കണം, കോവിഡ് ബാധിതരായ സ്റ്റാഫിന്‍റെ കുടുംബങ്ങളെ സഹായിക്കണം തുടങ്ങി ഓരോ മാസവും ഭീമമായതുക ആവശ്യമായിരിക്കുമ്പോഴാണ് ഈ അധികഭാരവും ചുമലില്‍ വന്നിരിക്കുന്നത്. ബില്‍ഡിങ് ഗവണ്‍മെന്‍റ് ഏറ്റെടുത്തതോടെ ഓഫീസിന്‍റെ പ്രവർത്തനവും നിലച്ചു. കൂടാതെ, ഓഫീസില്‍ സന്ദർശകരായി വന്നിരുന്നവരും വരാതെയായി. ഐ.സി.പി.എഫിന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ സുഗമമായി നടത്തുവാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധം ചില അഭിപ്രായങ്ങൾ ഉയർന്നുവന്നതുകൊണ്ടാണ് ദൈവജനത്തിന്‍റെ അറിവിനും പ്രാർത്ഥനയ്ക്കും വേണ്ടി ഇക്കാര്യങ്ങള്‍ താൻ അറിയിക്കുന്നതെന്ന് പ്രൊഫ.മാത്യു പി.തോമസ് പറഞ്ഞു.
