തയ്ബ : പലസ്തീനിലെ പുരാതന ക്രിസ്ത്യൻ ഗ്രാമമായ തയ്ബയ്ക്ക് നേരെ തീവ്രവാദ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളെ നിസ്സാരവത്കരിച്ച വത്തിക്കാനിലെ ഇസ്രായേൽ അംബാസഡറുടെ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രാദേശിക ക്രിസ്ത്യൻ സമൂഹം. നിരന്തരമായ ഭീഷണികളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് സഭാനേതാക്കൾ ആരോപിച്ചു.
തയ്ബയിലെ ജനങ്ങളുടെ പ്രധാന ജീവനോപാധിയായ ഒലിവ് കൃഷിയെയും തോട്ടങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും അക്രമങ്ങൾ നടക്കുന്നത്. വിളവെടുപ്പ് കാലത്ത് ആയുധങ്ങളുമായെത്തുന്ന കുടിയേറ്റക്കാർ കർഷകരെ ഭീഷണിപ്പെടുത്തുകയും വീടുകളും വാഹനങ്ങളും തീവച്ച് നശിപ്പിക്കുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുകയാണ്.
വിശുദ്ധനാട്ടിലെ ക്രിസ്ത്യൻ സാന്നിധ്യത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് ആക്രമണങ്ങൾ തുടരുന്നത്. അതിനാൽ ഇസ്രായേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ വത്തിക്കാനും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി ഇടപെടണമെന്ന് തയ്ബയിലെ ക്രിസ്ത്യാനികൾ ആവശ്യപ്പെട്ടു.

Comments are closed.