വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഫലസ്തീനികള്‍ക്ക് നേരെ സൈന്യത്തിന്റെ ആക്രമണം
ജറുസലേം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിയവേ അല്‍അഖ്സ പള്ളിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍ സൈന്യം. ജുമുഅ നമസ്‌കാരത്തിനിടെയാണ് വിശ്വാസികള്‍ക്കെതിരെ സൈന്യം അക്രമമഴിച്ചുവിട്ടത്.ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനായിരുന്നു സംഭവം. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്യുന്നതിനിടെ പള്ളിയിലേക്ക് സൈന്യം ഇരച്ചുകയറി. തുടര്‍ന്ന് വിശ്വാസികള്‍ക്കുനേരെ വാതകവും ഗ്രനേഡും റബര്‍ ബുള്ളറ്റും പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗസ്സയിലെ നരഹത്യ അവസാനിപ്പിച്ച് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്.
11 ദിവസത്തെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ ഈജിപ്തിന്റെ മധ്യസ്ഥതയിലായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 232 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 65 പേര്‍ കുട്ടികളും 39 പേര്‍ സ്ത്രീകളുമാണ്.
