ഇസ്രായേൽ : യേശുക്രിസ്തുവിന്റെ സ്നാനം നടന്നിട്ട് രണ്ടായിരാമത് വാർഷികമായ 2030-ലെ ആഘോഷങ്ങൾക്കായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ക്രൈസ്തവർക്ക് ഏറെ ആത്മീയ പ്രാധാന്യമുള്ള ഈ ദിനത്തിനായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറിന്റെ നേതൃത്വത്തിൽ പ്രത്യേക കർമ്മസമിതി രൂപീകരിച്ചു.
ക്രിസ്തീയ സഭാ തലവൻമാരുമായുള്ള ബന്ധം ദൃഢമാക്കാനും ദശലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കാനുമുള്ള ഒരുക്കങ്ങൾക്കാണ് ഇസ്രായേൽ തുടക്കമിട്ടിരിക്കുന്നത്. ക്രൈസ്തവ ലോകത്തിനായുള്ള ഇസ്രായേലിന്റെ പ്രത്യേക പ്രതിനിധി അംബാസഡർ ജോർജ്ജ് ദീക്കിനാണ് സമിതിയുടെ ചുമതല. യോർദ്ദാൻ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള ‘ഖസർ എൽ-യഹൂദ്’ എന്ന സ്ഥലത്താണ് ഇസ്രായേൽ ക്രമീകരണങ്ങൾ നടത്തുന്നത്.
അതേസമയം, നദിയുടെ മറുതീരത്തുള്ള പ്രശസ്തമായ ‘അൽ-മഗ്താസ്’ (ബെഥനി) തീർത്ഥാടന കേന്ദ്രത്തിൽ അയൽരാജ്യമായ ജോർദാനും വിപുലമായ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാർഡിനൽ പിയർബാറ്റിസ്റ്റ പിസബല്ല ഉൾപ്പെടെയുള്ള പ്രമുഖ സഭാധ്യക്ഷൻമാരെ പങ്കെടുപ്പിച്ച് ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവ് പ്രത്യേക യോഗം വിളിച്ചുചേർക്കുകയും തീർത്ഥാടകർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Comments are closed.