എഡ്മണ്ടൻ : ഒരുക്കപ്പട്ട ഹൃദയമുണ്ടെങ്കിൽ കേൾക്കപ്പെടുന്ന വചനത്തിൻ്റെ ശക്തമായ വ്യാപനം ഹൃദയത്തിലുണ്ടാകുമെന്നും അത് നമ്മുടെ പ്രവർത്തനങ്ങളെ വ്യത്യസ്തവും അത്ഭുതകരവുമാക്കുമെന്നും വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് പ്രസ്താവിച്ചു. കാനഡയിലെ എഡ്മണ്ടൻ ലൈഫ് ചർച്ചിൽ ആരംഭിച്ച വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസിൻ്റെ മുപ്പത്തിയാറാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ സാം വർഗീസ്.വചനത്തിൻ്റെ കുറവല്ല ഒരുക്കപ്പെടുന്ന ഹൃദയങ്ങൾ ഉണ്ടാവുക എന്നതാണ് ഈ കാലത്തിൻ്റെ ആവശ്യമെന്നും നാം ഒരോരുത്തരും കേൾക്കുവാനും സ്വീകരിക്കുവാനും പ്രവർത്തിക്കുവാനും ഒരുക്കമുള്ളവരാവുകയാണെങ്കിൽ നമ്മുടെ പ്രവർത്തന മേഖലകൾ ദൈവത്തിൻ്റേതായി തീരുന്നത് നമ്മുടെ കണ്ണ് കൊണ്ടു കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയൊരു കൊയ്തിൻ്റെ കാലമാണ്. കർഷകൻ മികച്ച വിത്ത് ഒരുക്കമുള്ള നിലത്ത് വിതച്ച് അത്ഭുതകരമായ വിളവ് ശേഖരിക്കുന്നതിൻ്റെ ഉദാഹരണം വരച്ചു കാട്ടി മുപ്പതും അറുപതും നൂറും മേനി വിളവിനായി ജീവിതമാകുന്ന വിത്ത് നിലത്തു വീണ് ചാകുന്നതിന് ഓരോരുത്തരും സമർപ്പിക്കുവാനും പാസ്റ്റർ സാം വർഗീസ് ഉദ്ബോധിപ്പിച്ചു. പാസ്റ്റർ അലക്സാണ്ടർ ജോസഫ് അദ്ധ്യക്ഷനായിരുന്നു.
പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ പാസ്റ്റർ നിരുപ് അൽഫോൻസ് എന്നിവർ മുഖ്യ സന്ദേശം നല്കി. സിസ്റ്റർ രമ്യ സാറാ ജേക്കബിൻ്റെ നേതൃത്വത്തിൽ കോൺഫറൻസ് ഗായക സംഘം ഗാന ശുശ്രൂഷ നയിച്ചു.കോൺഫറൻസ് സെക്രട്ടറി ബ്രദർ റോണി സൈമൺ മാത്യൂസ് സ്വാഗത പ്രഭാഷണം നടത്തി.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 .30 ന് ബൈബിൾ ക്ലാസ് രാവിലെ 10.30 മുതൽ 12.30 വരെ പകൽ യോഗവും നടക്കും. വെള്ളി ഉച്ചയ്ക്ക് 2 ന് ലേഡീസ് മീറ്റിംഗും 3.30 ന് ബിസിനസ് മീറ്റിംഗും നടക്കുന്നതാണ്.ശനി ഉച്ചയ്ക്ക് 2 ന് ബൈബിൾ ക്വിസ് ഉണ്ടായിരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുസമ്മേളനങ്ങൾ നടക്കും.
ഞായർ രാവിലെ 9.30 മുതൽ
സംയുക്ത സഭായോഗവും
തിരുവത്താഴ ശുശ്രൂഷയും നടക്കും.
വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ലൈഫ് ചർച്ചിലും ഞായറാഴ്ച എഡ്മണ്ടൻ ഓയിൽ ഫീൽഡ് ടെക്നിക്കൽ സൊസൈറ്റിയിലുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസ് ഭാരവാഹികളായ ബ്രദർ റോണി സൈമൺ മാത്യൂസ് (സെക്രട്ടറി), ബ്രദർ ജിജി ഫിലിപ്പ് (ട്രഷറാർ), ബ്രദർ ഗ്ലാഡ് വിൻ കോശി (യൂത്ത് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.

Comments are closed.