ജർമ്മൻ : വർദ്ധിച്ചുവരുന്ന പ്രായമായവരുടെ എണ്ണവും ജനനനിരക്കിലെ കുറവും പരിഹരിക്കാൻ ജർമ്മനി വിരമിക്കൽ പ്രായം 67-ൽ നിന്ന് ഘട്ടംഘട്ടമായി 70 വയസ്സിലേക്ക് ഉയർത്തുന്നു. പെൻഷൻ ഫണ്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിഷ്കരണത്തിന് ചാൻസലർ ഫ്രെഡറിക് മെർസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ സ്വീഡിഷ് മാതൃകയിൽ ഓഹരി വിപണിധിഷ്ഠിത പെൻഷൻ ഫണ്ട് രൂപീകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ ജോലി ചെയ്യുന്നവരുടെ വിഹിതം ഉപയോഗിച്ച് പഴയ ആളുകൾക്ക് പെൻഷൻ നൽകുന്ന രീതി തൊഴിലാളികളുടെ കുറവ് മൂലം പ്രതിസന്ധിയിലായതിനെ തുടർന്നാണ് ഈ പുതിയ നീക്കം.
63 വയസ്സിലുള്ള നേരത്തെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള നിർദ്ദേശവും ഇതിലുണ്ട്. പ്രായപരിധി ഉയർത്തുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധവും ആശങ്കയും ഉയരുന്നുണ്ടെങ്കിലും, ഭാവി തലമുറയുടെ സുരക്ഷിതത്വത്തിനായി പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകാനാണ് ജർമ്മൻ സർക്കാരിന്റെ തീരുമാനം.

Comments are closed.