മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയായ ഐ.പി.സി ബഹ്റിന്റെ സൺഡേസ്കൂൾ 47-ം വാർഷികം മെയ് 28-ന് അനുഗ്രഹകരമായി നടത്തപ്പെട്ടു. “ക്രിസ്തുവിൽ വളരുക” എന്നതായിരുന്നു തീം. ഐ.പി.സി ബഹ്റൈൻ സഭ ദൈവത്തിന്റെ വിശ്വസ്തതയുടെയും കൃപയുടെയും 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ചരിത്രപ്രധാനമായ വേളയോടൊപ്പമാണ് ഈ വാർഷികാഘോഷവും സംഘടിപ്പിക്കപ്പെട്ടത്.
സഭാംഗങ്ങളും സൺഡേസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും അതിഥികളും ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. ഐ.പി.സി ബഹ്റൈൻ സഭ പ്രസിഡന്റ് പാസ്റ്റർ വി. പി. ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ജയ്സൺ കെ. കെ. ആമുഖ സന്ദേശം നൽകി. സീനിയർ പാസ്റ്റർ എം. ജെ. ഡേവിഡും ഇവാൻജെലിസ്റ് മധുസൂദനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദൈവവചനത്തെ ഭക്തിയോടെ പ്രമാണിക്കുകയും ജീവിതം വിശുദ്ധിയിൽ സൂക്ഷിക്കുകയും ചെയ്ത് ക്രിസ്തുവിൽ വളരുവാൻ നമുക്ക് കഴിയണം. ദൈവവചനത്തോടുള്ള സ്നേഹം മറ്റുള്ളവർക്ക് കൂടി പങ്കിടുവാൻ കഴിയണം എന്ന് പാസ്റ്റർ വി. പി. ഫിലിപ്പ് തന്റെ മുഖ്യ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു..
ക്രിസ്തുവിൽ ആഴമായി വേരൂന്നി ആത്മീയ വളർച്ച കൈവരിക്കേണ്ടതിന്റെ പ്രാധാന്യം വിവിധ സന്ദേശങ്ങളിലൂടെ ഓർമ്മിപ്പിക്കപ്പെട്ടു. ഗാനങ്ങൾ, സ്കിറ്റുകൾ, കോറിയോഗ്രാഫി, സാക്ഷ്യങ്ങൾ, സന്ദേശങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികൾ വാർഷികത്തിന്റെ പ്രമേയം മനോഹരമായി അവതരിപ്പിച്ചു. ദൈവവചനത്തിൽ അധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു.
ബൈബിൾ സത്യങ്ങളും സമകാലിക വിഷയങ്ങളും സമന്വയിപ്പിച്ച വിവിധ പ്രോഗ്രാമുകൾ ദൈവജനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ഐ.പി.സി ബഹ്റൈൻ സൺഡേ സ്കൂൾ റീജിയണൽ ഡയറക്ടർ ബ്രദർ ജിൻസി മാത്യു ആശംസകൾ നേർന്നു. റീജിയൺ സൺഡേ സ്കൂൾ സെക്രട്ടറി ബ്രദർ നിവിൻ ജേക്കബും ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ബ്രദർ ഷാജൻ മാത്യു സ്വാഗതം ആശംസിച്ചപ്പോൾ, ആക്ടിംഗ് സെക്രട്ടറി ബ്രദർ മനോജ് തോമസ് കഴിഞ്ഞ അധ്യയന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മത്സരങ്ങളിലും പരീക്ഷകളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് ആദരിച്ചു.
തലമുറകളിലൂടെ ദൈവം കാട്ടിയ വിശ്വസ്തതയെ നന്ദിയോടെ അനുസ്മരിച്ച ഈ വാർഷികാഘോഷം, ക്രിസ്തുവിനായി യുവതലമുറയെ വളർത്തിയെടുക്കാനുള്ള സൺഡേ സ്കൂളിന്റെ സമർപ്പിത ദൗത്യത്തിന് പുതിയ ഉണർവ് പകർന്നു.

Comments are closed.