യുഎസ് : ആത്മീയതയും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ ‘ക്രിസ്ത്യൻ സ്മാർട്ട് റിംഗ്’ പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ ഫെയ്ത്ത്-ടെക് കമ്പനികൾ. നിലവിൽ 25 ദശലക്ഷത്തിലധികം (2.5 കോടി) ഉപഭോക്താക്കളുള്ള പ്രശസ്തമായ ‘ഗ്ലോറിഫൈ’ ദൈനംദിന പ്രാർത്ഥനാ ആപ്പും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഹാർഡ്വെയർ കമ്പനിയായ ‘കൺഫൈഡ്ഇനും തമ്മിലാണ് ലയന പ്രഖ്യാപനം നടത്തിയത്. ഈ ലയനത്തിലൂടെ ഫെയ്ത്ത്-ടെക് മേഖലയിലെ ഏറ്റവും വലിയ ഫുൾ-സ്റ്റാക്ക് കമ്പനിയായി ഇത് മാറും.
‘ഗ്ലോറിഫൈ’ എന്ന പേരിൽ തന്നെയായിരിക്കും ഈ പുതിയ സംയുക്ത സംരംഭം അറിയപ്പെടുക. ഡിജിറ്റൽ ലോകത്തെയും ഭൗതിക ലോകത്തെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ക്രൈസ്തവർക്ക് അവരുടെ ദൈനംദിന ആത്മീയ ജീവിതം കൂടുതൽ സജീവമാക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ നൽകുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. ഭാവിയിൽ വിശ്വാസാധിഷ്ഠിതമായ കൂടുതൽ സോഫ്റ്റ്വെയറുകളും ധരിക്കാനാകുന്ന സ്മാർട്ട് ഉപകരണങ്ങളും വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്ന കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമാണ് ‘ഗ്ലോറിഫൈ റിംഗ്’ (Glorify Ring).
ഡിജിറ്റൽ ലോകത്തെ ശ്രദ്ധാശൈഥില്യങ്ങൾക്കും തിരക്കുകൾക്കുമിടയിൽ വിശ്വാസികൾക്ക് തങ്ങളുടെ ആത്മീയ ജീവിതത്തിൽ സ്ഥിരത നിലനിർത്താൻ സഹായിക്കുന്ന രീതിയിലാണ് ഈ സ്മാർട്ട് മോതിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ദൈവചിന്തകളിലേക്കും പ്രാർത്ഥനകളിലേക്കും മനസ്സിനെ തിരിച്ചുവിടാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളും സിഗ്നലുകളും ഈ ഉപകരണം നൽകും. തിരക്കേറിയ ആധുനിക ജീവിതത്തിനിടയിലും ദൈവവുമായുള്ള ബന്ധം പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്മാർട്ട് മോതിരം എ വലിയ സഹായമായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Comments are closed.