മണിപ്പൂർ : നീണ്ട കാലത്തെ അനിശ്ചിതത്വത്തിനും പലായനങ്ങൾക്കും തിരശ്ശീലയിട്ടുകൊണ്ട്, തങ്ങളുടെ പൂർവ്വികരുടെ നാടായ ഇസ്രായേലിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് മണിപ്പൂരിലെ ബിനെയ് മെനഷേ വിഭാഗക്കാർ. ഓപ്പറേഷൻ വിങ്സ് ഓഫ് ഡോവ്’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ദൗത്യത്തിലൂടെ അഞ്ഞൂറിലധികം വരുന്ന സമുദായത്തെ പുനരധിവസിപ്പിക്കാനാണ് ഇസ്രായേൽ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 250 പേർ അടങ്ങുന്ന ആദ്യ സംഘം കഴിഞ്ഞ ദിവസം ഡൽഹി വഴി വിമാനമാർഗ്ഗം ഇസ്രായേലെത്തി.
ബൈബിൾ വിശ്വാസമനുസരിച്ച് പുരാതന ഇസ്രായേലിലെ പത്ത് ഗോത്രങ്ങളെ ബിസി 722-ൽ അസ്സീറിയക്കാർ നാടുകടത്തിയിരുന്നു. ഇതിൽ യാക്കോബിന്റെ ചെറുമകനായ മെനാഷെയുടെ പിൻഗാമികളാണ് തങ്ങളെന്ന് ഈ വിഭാഗം വിശ്വസിക്കുന്നു. പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന വഴി നൂറ്റാണ്ടുകൾ നീണ്ട യാത്രക്കെടുവിലാണ് ഇവർ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ എത്തിയത്. മണിപ്പൂരിലും മിസോറാമിലും അധിവസിക്കുന്ന ഇവരെ പ്രാദേശികമായി കുക്കി വിഭാഗമായാണ് കണക്കാക്കുന്നത്. എങ്കിലും ഇവർ ഇന്നും യഹൂദ ആചാരങ്ങളും മതപാരമ്പര്യവും മുറുകെ പിടിക്കുന്നു.
മതപരമായ വിശ്വാസങ്ങൾക്കൊപ്പം മണിപ്പൂരിലെ നിലവിലെ അസ്ഥിരമായ സാഹചര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. 2023 മെയ് മാസത്തിൽ ആരംഭിച്ച മെയ്ത്തി-കുക്കി വംശീയ കലാപം ബിനെയ് മെനാഷേ വിഭാഗക്കാരുടെ ജീവിതം ദുസ്സഹമാക്കി. മലനിരകളിൽ തങ്ങളുടെ മതപരമായ ‘മിൻയാൻ’ (10 യഹൂദരുടെ കൂട്ടായ്മ) കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും ഇവരെ ഇസ്രായേലിലേക്ക് ആകർഷിക്കുന്നു. ഇന്ത്യയിൽ കാർഷിക വൃത്തിയിലേർപ്പെടുന്ന ഇവർക്ക് ഇസ്രായേലിലെ നിർമ്മാണ മേഖലയിലും ട്രാൻസ്പോർട്ട് മേഖലയിലും ലഭിക്കുന്ന ഉയർന്ന വരുമാനവും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യവും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Comments are closed.