നൈജീരിയ : നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ കടുനയിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ 31 പേരെ രക്ഷപ്പെടുത്തിയെന്ന സൈന്യത്തിന്റെ അവകാശവാദം തള്ളി പ്രാദേശിക ക്രൈസ്തവ സംഘടന രംഗത്തെത്തി. കടുനയിലെ കച്ചിയ ജില്ലയിലുള്ള അരിക്കോ ഗ്രാമത്തിലെ പള്ളിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതായും, തുടർന്ന് നടത്തിയ സൈനിക നീക്കത്തിൽ സിവിലിയന്മാരെ മോചിപ്പിച്ചതായും അഞ്ച് പേർ കൊല്ലപ്പെട്ടതായും കഴിഞ്ഞ ഞായറാഴ്ച നൈജീരിയൻ സൈന്യം അറിയിച്ചിരുന്നു.
എന്നാൽ, അത്തരമൊരു രക്ഷാപ്രവർത്തനവും നടന്നിട്ടില്ലെന്നും തട്ടിക്കൊണ്ടുപോകപ്പെട്ടവർ ഇപ്പോഴും അക്രമികളുടെ തടവിലാണെന്നുമാണ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ നോർത്തേൺ റീജിയൻ ചെയർമാൻ റവറന്റ് ജോൺ ജോസഫ് ഹയാബ് പ്രസ്താവിച്ചത്. സൈന്യത്തിന്റെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ജനങ്ങൾ ഇപ്പോഴും വലിയ ഭീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ ഈ സംഭവത്തോടെ വീണ്ടും ആഗോളതലത്തിൽ ചർച്ചയായിരിക്കുകയാണ് .

Comments are closed.