യുകെ : ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നവർക്ക് ആശ്വാസമേകാൻ പ്രമുഖ സന്നദ്ധ സംഘടനകളായ ക്രിസ്റ്റ്യൻസ് എഗെയ്ൻസ്റ്റ് പോവർട്ടിയും കമ്മ്യൂണിറ്റി മണി അഡ്വൈസും കൈകോർക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി അധിഷ്ഠിത കടാശ്വാസ ചാരിറ്റിയായി മാറാനാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. ഡെബ്റ്റ് അവയർനസ് വീക്കിന് മുന്നോടിയായാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
ലയനശേഷവും രണ്ട് സംഘടനകളും തനതായ വ്യക്തിത്വം നിലനിർത്തുമെങ്കിലും, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് സി എ പി വ്യക്തമാക്കി. വിവിധ പ്രാദേശിക സഭകളുടെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയും കീഴിലുള്ള 400-ഓളം കേന്ദ്രങ്ങളുടെ ശൃംഖല ഇനി മുതൽ ഈ സംയുക്ത സംരംഭത്തിന് കീഴിൽ പ്രവർത്തിക്കും. ദാരിദ്ര്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രൊഫഷണലായ കടാശ്വാസ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ കൂട്ടായ്മ അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.

Comments are closed.