ഡൽഹി : വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമുള്ള ലൈസൻസ് കാലാവധി അവസാനിക്കുകയും അത് കൃത്യസമയത്ത് പുതുക്കാതിരിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും വസ്തുവകകൾ സർക്കാർ ഏറ്റെടുക്കാൻ നീക്കം തുടങ്ങുന്നു. പുതിയ ഭേദഗതികൾ അനുസരിച്ച് ലൈസൻസ് റദ്ദാക്കപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള സ്വത്തുക്കൾ സർക്കാർ അതോറിറ്റിയുടെ നിയന്ത്രണത്തിലാകും. രാജ്യത്തെ ആയിരക്കണക്കിന് എൻ.ജി.ഒകളെയും ക്രൈസ്തവ മിഷനറി സ്ഥാപനങ്ങളെയും നേരിട്ട് ബാധിക്കുന്നതാണ് ഈ പുതിയ തീരുമാനം.
ലൈസൻസ് നഷ്ടമാകുന്നതോടെ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പ്രത്യേക കസ്റ്റോഡിയനെ സർക്കാർ നിയമിക്കും. ഇത്തരത്തിൽ ഏറ്റെടുക്കുന്ന സ്വത്തുക്കൾ പിന്നീട് എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ സർക്കാരിന് പൂർണ്ണമായ അധികാരമുണ്ടായിരിക്കും. ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകാത്തവർക്കും അപേക്ഷ നിരസിക്കപ്പെട്ടവർക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയ സേവന കേന്ദ്രങ്ങൾ നടക്കുന്ന സംഘടനകൾ ഇതോടെ വലിയ പ്രതിസന്ധിയിലാകും. സന്നദ്ധ മേഖലയിലെ വിദേശ ഫണ്ടിംഗ് കർശനമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ഈ ഭേദഗതിയെന്ന് വിവിധ മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ആരോപിക്കുന്നു. ലൈസൻസ് റദ്ദാക്കിയാൽ അതിനെതിരെ അപ്പീൽ നൽകാനുള്ള സംവിധാനങ്ങൾ പരിമിതമാണെന്നും ഇത് സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി തുടരുന്നതിനൊപ്പം തന്നെ, നിലവിലുള്ള ആസ്തികൾ കൂടി നഷ്ടപ്പെടുന്നത് സന്നദ്ധ പ്രവർത്തനങ്ങളെ രാജ്യത്ത് നിശ്ചലമാക്കുമെന്ന ആശങ്ക ശക്തമാണ്.

Comments are closed.