ഇറാഖ് : പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിലുള്ള ഷിയാ സായുധ സേനയായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ ആസ്ഥാനത്തിന് നേരെയുണ്ടായ ശക്തമായ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പിഎംഎഫിന്റെ അൻബാർ ഓപ്പറേഷൻസ് കമാൻഡർ സാദ് അൽ-ബൈജിയും ഉൾപ്പെടുന്നു. ചൊവ്വാഴ്ച പുലർച്ചെ നടന്ന ഈ ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മുതിർന്ന കമാൻഡർമാർ പങ്കെടുത്ത സുരക്ഷാ യോഗം നടക്കവെയാണ് അപ്രതീക്ഷിതമായി വ്യോമാക്രമണം ഉണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് പിഎംഎഫ് ആരോപിച്ചു. ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ടതെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പിന്തുണയുള്ള നിരവധി ഗ്രൂപ്പുകൾ ഉൾപ്പെടുന്ന പിഎംഎഫ്, നിലവിൽ ഇറാഖിന്റെ ഔദ്യോഗിക സുരക്ഷാ സേനയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത് മുതൽ ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ ആക്രമണം നടത്തിവരികയായിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ അതിർത്തികൾക്ക് അപ്പുറത്തേക്ക് യുദ്ധം വ്യാപിക്കുന്നതും ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളും മിഡിൽ ഈസ്റ്റിലെ സാഹചര്യം അതീവ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

Comments are closed.