കൊച്ചി : കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനുമായി നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ച സർക്കാർ നടപടിയെ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) സ്വാഗതം ചെയ്തു. ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിൽ നിലനിന്നിരുന്ന 1947 എന്ന കാലപരിധി ഒഴിവാക്കാനുള്ള തീരുമാനം ചരിത്രപരമാണെന്ന് കെആർഎൽസിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. വർഷങ്ങളായി സമുദായം അനുഭവിച്ചുപോന്ന വലിയൊരു പ്രായോഗിക തടസ്സമാണ് ഇതിലൂടെ നീങ്ങുന്നത്.
അഞ്ഞൂറിലധികം ശുപാർശകളാണ് കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടും ശുപാർശകളും പൊതുജനങ്ങളുടെ അറിവിലേക്കായി അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, തീരദേശ വികസനം, കാർഷിക പ്രശ്നങ്ങൾ തുടങ്ങിയ മേഖലകളിൽ കമ്മീഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ സമുദായത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത് വഴി ശുപാർശകളുടെ സ്വഭാവവും വ്യാപ്തിയും വിശ്വാസികൾക്കും പൊതുസമൂഹത്തിനും കൃത്യമായി ബോധ്യപ്പെടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Comments are closed.