Ultimate magazine theme for WordPress.

ലൂയി വിറ്റണും ആഡംബര കാറുകളും; പാസ്റ്ററുടെ ‘ഡയറി’ പൊളിഞ്ഞപ്പോൾ സഭ ഞെട്ടി

അലബാമ : അമേരിക്കയിലെ അലബാമയിലുള്ള ഹണ്ട്‌സ്‌വില്ലിൽ സഭയുടെ പണം തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച പാസ്റ്റർ അഡ്രിയാൻ ഡേവിസിന് (42) അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ‘ഓൾ നേഷൻസ് വർഷിപ്പ് അസംബ്ലി’ എന്ന സഭയുടെ പാസ്റ്ററായിരുന്ന ഈ വ്യക്തി വിശ്വാസികളെ വഞ്ചിച്ച് ഏകദേശം 4,34,339 ഡോളർ (ഏകദേശം 3.6 കോടി രൂപ) തട്ടിയെടുത്തതായി ഫെഡറൽ കോടതി കണ്ടെത്തി. തട്ടിപ്പ്, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനെത്തുടർന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്.

സഭയുടെ അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് ഇയാൾ ആഡംബര കാറുകളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഓഡി എ7, ജി എം സി യുക്കോൺ എന്നീ കാറുകൾ വാങ്ങുന്നതിനും ലൂയി വിറ്റൺ പോലുള്ള ലക്ഷ്വറി ബ്രാൻഡുകളിൽ ഷോപ്പിംഗ് നടത്തുന്നതിനുമാണ് പാസ്റ്റർ സഭയുടെ ഫണ്ട് പ്രധാനമായും ഉപയോഗിച്ചത്. കൂടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്നീക്കറുകൾ വാങ്ങുന്നതിനും വലിയൊരു തുക ഇയാൾ ചിലവഴിച്ചു.

തന്റെ സഭാംഗങ്ങൾ അർപ്പിച്ച വിശ്വാസത്തെ ദുരുപയോഗം ചെയ്ത് സ്വന്തം ആവശ്യങ്ങൾക്കായി പാസ്റ്റർ പണം ചിലവഴിച്ചത് ഗുരുതരമായ കുറ്റമാണെന്ന് യുഎസ് അറ്റോർണി ഓഫീസ് വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ തെറ്റായ നികുതി വിവരങ്ങളാണ് ഇയാൾ അധികൃതർക്ക് നൽകിയിരുന്നത്. സഭയുടെ പണം വ്യക്തിഗത നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നവർക്കുള്ള കനത്ത മുന്നറിയിപ്പാണ് ഈ ശിക്ഷാവിധി എന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

Sharjah city AG

Comments are closed.