മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി പുതുതലമുറയെ വിശ്വാസത്തിൽ ഉറപ്പിക്കാനും, സണ്ടേസ്കൂളുകളെ ക്രിസ്തു കേന്ദ്രീകൃതവും ബാലസൗഹൃദ പഠന കേന്ദ്രങ്ങളാക്കി മാറ്റാനും സംഘടിപ്പിക്കുന്ന “ലീഡേഴ്സ് കോൺക്ലേവ് 2026” ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 9.30 ന് മുളക്കുഴ റോബർട്ട് കുക്ക് ബംഗ്ലാവിൽ നടക്കും. സൺഡേസ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ വി.പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഓവർസിയർ പാസ്റ്റർ വൈ. റെജി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. പി.ആർ.ഡി. പ്രഫു, ഡോ. ജെയ്സൻ തോമസ്, ഡോ. ആനി ജോർജ്ജ് എന്നിവർ സെഷനുകൾ നയിക്കും. റവ. നോബിൾ ജേക്കബ്, സംസ്ഥന സെക്രട്ടറി പാസ്റ്റർ സാലു വർഗീസ് എന്നിവർ മോഡിറേറ്റർമാരായിരിക്കും.
കേരളത്തിലെ പ്രധാന പെന്തക്കോസ്ത് സഭകളിലെ സൺഡേസ്കൂൾ പ്രസ്ഥാനത്തിൻ്റെ സംസ്ഥാന നേതൃത്വങ്ങളാണ് ഈ കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഇത്തരത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ സമ്മേളനമാണിത്.
ഇന്ത്യയിൽ പെന്തക്കോസ്ത് 100 വർഷം പിന്നിടുമ്പോൾ പുതുതലമുറയെ പെന്തക്കോസ്ത് വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനുള്ള പുതിയ സ്ട്രാറ്റജികൾ, ബാലസൗഹൃദ സൺഡേസ്കൂളുകളും സഭയുമായി നമ്മുടെ സംവിധാനങ്ങളെ മാറ്റുവാനും കൂടുതൽ ഫലപ്രദമാക്കാനുമുള്ള മാർഗങ്ങൾ, വിശ്വാസപ്രമാണ കൈമാറ്റത്തിൽ സഭ, ശുശ്രൂഷകൻമാർ, മാതാപിതാക്കൾ എന്നിവരുടെ പങ്ക് ശക്തമാക്കുന്നതിനുള്ള സമീപനങ്ങൾ തുടങ്ങിയവയാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

Comments are closed.