Ultimate magazine theme for WordPress.

സമൂഹത്തെ ചേർത്ത് പിടിച്ച യേശുവിൻ്റെ പാത വിശ്വാസികൾ പിന്തുടരണം : പാസ്റ്റർ ടി.ജെ. സാമുവേൽ

പറന്തൽ : യേശു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തു പിടിച്ചു എന്നും സാധാരണക്കാർക്കൊപ്പം ജീവിച്ചു അവരുടെ ജീവിതത്തിന് പ്രത്യാശ പകർന്നെന്നും ഓരോ വിശ്വാസികളും യേശുവിൻ്റെ പാത പിന്തുടർന്ന് സമൂഹത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു. പറന്തൽ എ ജി കൺവൻഷൻ നഗറിൽ നടക്കുന്ന ജനറൽ കൺവൻഷൻ്റെ പൊതുയോഗത്തിൽ സമാപന സന്ദേശം നല്കുകയായിരുന്നു പാസ്റ്റർ ടി.ജെ.സാമുവേൽ. രോഗികളെയും ദരിദ്രരെയും അരികുവല്ക്കരിക്കപ്പെട്ടവരെയും തേടിച്ചെന്ന യേശു അവരുടെ ജീവിതത്തെ സ്നേഹവും കരുതലും കൊണ്ട് സ്പർശിച്ച് രൂപാന്തരത്തിലേക്ക് നയിച്ചു. ഓരോ വ്യക്തികളും അർത്ഥപൂർണമായ ജീവിതം നയിക്കുവാൻ ഹൃദയത്തിൽ വിശ്വാസവും പ്രത്യാശയും നിറയണം. ഓരോ ജീവിതവും സമൂഹ നന്മക്കായിട്ടുള്ളതാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുവാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം തുടർന്നു. സഭാ സംസ്ഥാന ഭരണ സമിതിയംഗം പാസ്റ്റർ ബാബു വർഗീസ് അദ്ധ്യക്ഷനായിരുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ പ്രത്യേക പതിപ്പ് കൺവൻഷനിൽ പ്രകാശനം ചെയ്തു. എഡിറ്റർമാരായ അജി കെ.ജോൺ, പി.സി.തോമസ്, ബൈജു എസ് പനയ്ക്കോട് എന്നിവർ നേതൃത്വം നല്കി. ക്രിസ്ത്യൻ ലൈവ് ദിനപത്രം കൺവൻഷൻ സ്പെഷ്യൽ പ്രകാശനം ചെയ്തു. ക്രിസ്തീയ ദൈവശാസ്ത്രം പെന്തക്കോസ്ത് വീക്ഷണം എന്ന സമഗ്ര പഠന ഗ്രന്ഥത്തിൻ്റെ എഡിറ്റർ പാസ്റ്റർ ടി.ജെ. സാമുവേലിനെ പബ്ലിക്കേഷൻ ഡിപ്പാർട്ട്മെൻ്റും വിമൺസ് മിഷണറി കൗൺസിലും മെമൻ്റോകൾ നല്കി അനുമോദിച്ചു. വേൾഡ് മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ആശംസാ സന്ദേശം നല്കി.
സിസ്റ്റർ സാൻ്റി കെ.കോശി, ബ്രദർ രാജു ഒഴുകുപാറയ്ക്കൽ, പാസ്റ്റർ ഏബ്രാഹാം ബേബി,തൊടുപുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.വി.ജോസഫ് എന്നിവർ പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു.

പാസ്റ്റർ സാബു ചാരുംമൂട് നേതൃത്വം നല്കുന്ന എ ജി ക്വയർ ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർ ഗീവർഗീസ് തോമസ് പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ രാജൻ കെ.ജോർജ് സമാപന പ്രാർത്ഥനയും നടത്തി.

രാവിലെ ഒൻപതിന് നടന്ന വിദ്യാർത്ഥി സമ്മേളനത്തിന് സുനിൽ പി.വർഗീസ്, ജോൺസൻ ടി, ബിജു ദാനിയേൽ തുടങ്ങിയവർ നേതൃത്വം നല്കി. ഉച്ചയ്ക്ക് രണ്ടിന് യുവജന സമ്മേളനത്തിന് ഷിൻസ് പി.റ്റി, ബിനീഷ് ബി.പി തുടങ്ങിയവർ നയിച്ചു.

ഞായർ രാവിലെ ഒൻപതിന് സഭയുടെ സംയുക്ത സഭായോഗം നടക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള സഭകളിൽ നിന്നും പതിനയ്യായിരത്തിലധികം വിശ്വാസികൾ സംബന്ധിക്കും. തിരുവത്താഴ ശുശ്രൂഷയോടെ ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും.

Sharjah city AG

Comments are closed.