ബെംഗളുരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാനത്തിന്റെ 39-ാം വാർഷിക കൺവൻഷൻ നാളെ (ജനുവരി 30) ബെംഗളുരുവിലെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ ആരംഭിക്കും. രാവിലെ 10 മണിക്ക് ശുശ്രൂഷക സമ്മേളനവും, വൈകിട്ട് 6 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഐപിസി ദേശീയ പ്രസിഡന്റ് ഡോ. ടി. വത്സൻ ഏബ്രഹാം മുഖ്യാതിഥിയായിരിക്കും.
ദിവസവും വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കൺവൻഷനിൽ ഗാനശുശ്രൂഷയ്ക്കുശേഷം സുവിശേഷ യോഗം നടക്കും. പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യു, പി.പി. ജോസഫ്, പി.സി. ചെറിയാൻ, ഡോ. അലക്സ് ജോൺ, ഡോ. വി.പി. ജോസ്, കന്നഡ പ്രസംഗകൻ വിൻസന്റ് അമൽദാസ്, പി. സാമുവൽ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർ ടൈറ്റസ് ചാക്കോ (മൈസൂരു)യുടെ നേതൃത്വത്തിൽ ക്വയർ ഗാനശുശ്രൂഷ ഉണ്ടായിരിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, 10 മണിക്ക് പൊതുയോഗം നടക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വിമൻസ് ഫെലോഷിപ്പ് സമ്മേളനം പ്രസിഡന്റ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് നേതൃത്വത്തിൽ നടക്കും. സിസ്റ്റർ കാരൾ ഇടിച്ചെറിയ മുഖ്യാതിഥിയായിരിക്കും. ഈ അവസരത്തിൽ അക്കാദമിക് എക്സലൻസി അവാർഡ് വിതരണം, വിദ്യാർത്ഥികൾക്കുള്ള ധനസഹായം, വിധവകൾക്കുള്ള സഹായ വിതരണവും നടക്കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പിവൈപിഎയും സൺഡേ സ്കൂൾ വാർഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 1-ന് രാവിലെ 8.30ന് തിരുവത്താഴ ശുശ്രൂഷയും സംയുക്ത ആരാധനയും നടത്തി കൺവൻഷൻ സമാപിക്കും. ഈ വിവരം ജനറൽ കൺവീനർ പാസ്റ്റർ കെ.വി. ജോസ്, ജോയിന്റ് കൺവീനർമാരായ പാസ്റ്റർ ജിജോയ് മാത്യു, ബിജു എം. പാറേൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോർജ് വർഗീസ് മാത്യു, ജോയി ഏബ്രഹാം എന്നിവർ അറിയിച്ചു. ഐപിസി എക്സിക്യൂട്ടീവ് അംഗങ്ങളായ സെക്രട്ടറി പി.പി. പോൾസൺ, ട്രഷറർ സജി പാറേൽ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

Comments are closed.