പാസ്റ്റർ ഫിലിപ്പ് പി തോമസ്
സഭ :രക്ഷിക്കപ്പെട്ടവരുടെ കൂട്ടം
ആൾക്കൂട്ടം എല്ലാം സഭയല്ല , ആരവം എല്ലാം ആരാധനയുമല്ല. സഭ
എന്ന പേരിൽ അനേകായിരം കൂട്ടങ്ങൾ ലോകമെങ്ങും ഉണ്ട്. സഭ എന്ന ബോർഡ് വച്ച് കുറെപ്പേർ ഞായറാഴ്ച കൂടി വന്ന് പാട്ടു പാടി ,മറ്റു ചില പതിവ് പരിപാടി നടത്തി പിരിയുന്ന കൂട്ടങ്ങൾ സഭ അല്ല.
സഭ രക്ഷിക്കപ്പെട്ടവരുടെ കൂട്ടമാണ് .
” കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു (അ. പ്ര 2:47 ) എന്നാണ് തിരുവെഴുത്ത്
പറയുന്നത്. മാനസാന്തരപ്പെട്ട് പുതുതായി ജനിച്ച രക്ഷിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭ. ലോകമെങ്ങും ഉള്ള രക്ഷിക്കപ്പെട്ടവർ ദൈവ
സഭയുടെ അംഗങ്ങളാണ് .ഈ സഭയെ യൂണിവേഴ്സൽ ചർച്ച് ,അഥവാ സാർവത്രിക സഭ എന്ന് അറിയപ്പെടുന്നു.
ഈ സഭയുടെ അംഗങ്ങൾ ലോകത്ത് വിവിധ സഭാ വിഭാഗങ്ങളിലായി
ചിതറി പാർക്കുന്നു. ഓരോ പ്രദേശത്തുമായി രക്ഷിക്കപ്പെട്ടവരുടെ കൂട്ടായ്മകൾ ഉണ്ട് .അവയെ പ്രാദേശിക സഭകൾ എന്നും അറിയപ്പെടുന്നു. വിവിധ സഭാ വിഭാഗങ്ങളുടേതായി അനേകം പ്രാദേശിക കൂട്ടായ്മകൾ ഒരേ സ്ഥലത്തു തന്നെയുണ്ട്.. ഇതെല്ലാം രക്ഷിക്കപ്പെട്ടവ
രുടെ കൂട്ടങ്ങൾ അല്ല .ചില സഭകളിൽ ഭൂരിപക്ഷവും മറ്റു ചിലയിടത്ത് ന്യൂനപക്ഷവും രക്ഷിക്കപ്പെട്ടവർ കണ്ടേക്കാം. ദൃശ്യമായ ഈ കൂട്ടങ്ങൾ
സഭകൾ എന്ന പേരിൽ ലോകത്ത് അറിയപ്പെടുന്നു. എന്നാൽ ദൈവത്തിൻ്റെ സഭ രക്ഷിക്കപ്പെട്ടവരുടെ കൂട്ടമാണ്.
ഈ തലമുറയിലെ ഏറ്റവും വലിയ അപകടം -സഭ രക്ഷിക്കപ്പെട്ടവരുടെ
കൂട്ടം എന്നതിനു പകരം സ്നാനപ്പെട്ടവരുടെ കൂട്ടമായി മാറിക്കൊണ്ടിരിക്കുകയാണ്. ‘സ്നാനം കർത്താവിൻ്റെ കൽപന തന്നെയാണ്. സഭാ
വിശ്വാസികൾ സ്നാനപ്പെടുന്നവർ ആയിരിക്കയും വേണം. എന്നാൽ സ്നാനപ്പെടുന്നവർ എല്ലാം രക്ഷിക്കപ്പെട്ടവർ അല്ല .രക്ഷ നടക്കുന്നത്
സ്നാനതിലൂടെയല്ല .രക്ഷ നടക്കുന്നത് വീണ്ടും ജനനത്തിലൂടെയാണ് .
രക്ഷ എന്നത് ഒരാളുടെ ഉള്ളിൽ നടക്കുന്ന ഒരു യാഥാർത്ഥ്യമാണ്.
സ്നാനം എന്നത് രക്ഷിക്കപ്പെട്ടവരുടെ പരസ്യമായി സാക്ഷ്യപ്പെടുത്ത
ലാണ്. ഉള്ളിൽ നടന്ന ഒരു ക്രിയയുടെ ബാഹ്യമായ പ്രദർശനമാണ്. രക്ഷിക്കപ്പെടാത്ത ഒരാളെ സ്നാനപ്പെടുത്തിയാൽ അയാൾ
ഒരു സ്നാനപ്പെട്ട ജഡമാകുന്നതേയുള്ളു .സുവിശേഷ കേൾവിയിലൂടെ
പാപബോധം ഉണ്ടായി, അനുതപിച്ച് യേശു ക്രിസ്തുവിലൂടെ ലഭ്യമായ
സൗജന്യമായ രക്ഷ വിശ്വാസത്താൽ അംഗീകരിക്കാത്തവർ സ്നാന
പ്പെടുന്നുണ്ട്. അവർ ഒരു മതത്തിൽ ചേരുന്ന ലാഘവത്തോടെ ഒരു
കർമ്മത്തിലൂടെ പ്രാദേശിക സഭകളിൽ അംഗങ്ങൾ ആവുകയാണ്. അവർ ദൈവസഭയുടെ അംഗങ്ങളല്ല. മാനസാന്തരമോ ,സ്വഭാവ
രൂപീകരണമോ ശിഷ്യത്വമോ ഒന്നും അവരുടെ ജീവിതത്തിൽ ഇല്ല.
ഇവർ പ്രാദേശിക സഭയുടെ അധികാരം പിടിച്ചെടുക്കുന്ന ദുരന്തമാണ് ഇന്ന് കാണുന്നത് .
യഥാർത്ഥ സഭയുടെ ലക്ഷ്യം സുവിശേഷം പ്രചരിപ്പിക്കുകയാണ് .
സഭാംഗങ്ങൾ ഒരുമിച്ച് കൂടുന്നത് ദൈവ വചനം ധ്യാനിക്കുവാനും ഒരുമിച്ച് പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും അപ്പം നുറുക്കുവാനും ആണ്. സഭകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മറ്റും നടത്തുന്നതിൽ തെറ്റില്ല. എന്നാൽ അവയുടെ ലക്ഷ്യം
സുവിശേഷീകരണമായിരിക്കണം .അങ്ങനെയായിരുന്നു അവ നമ്മുടെ നാട്ടിൽ ആരംഭിച്ചത് .എന്നാൽ ഇന്ന് അവയൊക്കെ വെറും
കച്ചവട സ്ഥാപനങ്ങളായി മാറുകയാണ് .കച്ചവടക്കാർ അത് ചെയ്യട്ടെ. എന്നാൽ സഭയുടെ പ്രാഥമിക ലക്ഷ്യവും ദർശനവും മറക്കരുത്.
സഭകളുടെയും അംഗങ്ങളുടെയും എണ്ണം പറഞ്ഞ് പല സഭാ വിഭാ
ഗങ്ങളും ഊറ്റം കൊള്ളാറുണ്ട്. അതൊക്കെ സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങൾക്കായുള്ള സമ്മർദ്ദ തന്ത്രങ്ങൾ ആണ്.
സഭകളുടെ എണ്ണം കൂടുന്നതല്ല സഭാ വളർച്ച. രക്ഷിക്കപ്പെട്ടവരുടെ
എണ്ണം കൂടുന്നതാണ് സഭാ വളർച്ച. സഭാംഗങ്ങൾ പെറ്റു പെരുകുന്നതല്ല സഭാ വളർച്ച. അവരിൽ പലരും വീണ്ടും ജനനം പ്രാപിക്കുന്നുമില്ല .
യഥാർത്ഥമായ വീണ്ടും ജനനാനുഭവത്തിലൂടെ ജനങ്ങൾ സഭയിൽ വന്ന് പഥ്യോപദേശത്തിൽ നിലനിന്ന് ദൈവരാജ്യ വ്യാപ്തിക്കായി പ്രവർത്തിക്കുവാൻ പ്രാർത്ഥിക്കാം .പാതാള ഗോപുരങ്ങൾക്ക് ജയിക്കാൻ കഴിയാത്ത ദൈവസഭയുടെ ഭാഗമാകുവാൻ തെരഞ്ഞെടുത്ത ദൈവത്തിന് സ്തോത്രം .

Comments are closed.