കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 പേർ മരിക്കുകയും 320 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായതായി താലിബാൻ്റെ പൊതുജനാരോഗ്യ മന്ത്രാലയം വക്താവ് ഷറഫത് സമൻ അറിയിച്ചു.
പ്രാദേശിക സമയം അർദ്ധരാത്രി 12.59-നാണ് ഭൂചലനമുണ്ടായത്. ഖുലും നഗരത്തിന് തെക്ക് പടിഞ്ഞാറായി 22 കിലോമീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ബൽഖ്, സമൻഗൻ പ്രവിശ്യകളെയാണ് ഭൂചലനം ഗുരുതരമായി ബാധിച്ചത്. ബൽഖ് പ്രവിശ്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്ന മേഖലയിലും നാശനഷ്ടങ്ങളുണ്ടായി.

Comments are closed.