ജോർജ് മാത്യു പുതുപ്പള്ളി
(Writer, Journalist, Preacher)
ബാല്യത്തിൽ എന്നെ ഏറെ ആകർഷിച്ച ധീരവനിതയായിരുന്നു ഇന്ദിരാഗാന്ധി. അന്നും ഇന്നും ഞാൻ ഒരു രാഷ്ട്രീയപാർട്ടിയിലെയും അംഗമോ അനുഭാവിയോ അല്ല. വ്യക്തികളെ അവരുടെ സ്വഭാവത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും ഞാൻ ഒട്ടും പിശുക്ക് കാണിക്കാറില്ല.
ഇന്ദിരാഗാന്ധിയുമായി ഒരിക്കൽ സംസാരിക്കുവാനുള്ള അപൂർവ അവസരം എനിക്കു ലഭിക്കുകയുണ്ടായി. അതിന് അവസരം ഒരുക്കിത്തന്നത് എനിക്കു പിതൃതുല്യനായ ഡോ. പി സി അലക്സാണ്ടർ ആയിരുന്നു. ‘അലക്സാണ്ടർ അങ്കിൾ’ എന്ന് ഞാൻ സ്നേഹപൂർവ്വം വിളിച്ചിരുന്ന അദ്ദേഹം അന്ന് ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
അർഹതക്ക് അതീതമായ കാര്യങ്ങൾ സ്വപ്നംകാണുന്ന സ്വഭാവം എനിക്ക് കൗമാര യൗവനകാലങ്ങളിൽ ഉണ്ടായിരുന്നു. സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ചത് എന്റെ അമ്മയായിരുന്നു. ലഭിക്കുന്ന ഒരു അവസരങ്ങളും ഞാൻ പാഴാക്കിയിരുന്നില്ല.
നമ്മുടെ നല്ല ആഗ്രഹങ്ങൾ ദൈവം സാധിപ്പിച്ചുതരും എന്നത് ഇന്നുവരെയുള്ള എന്റെ അനുഭവമാണ്.
ഇന്ദിരാഗാന്ധിയോട് സംസാരിക്കുമ്പോൾ ഞാൻ പ്രായം കുറഞ്ഞ യുവവൈദികനായിരുന്നു. അവരുടെ കുലീനത്വം നിറഞ്ഞ സംസാരരീതി അക്ഷരാർത്ഥത്തിൽ എന്നെ അമ്പരപ്പിച്ചു. ഭയവും വിറയലും ആ സമയം എന്നെ ബാധിച്ചിരുന്നു. അതു മനസ്സിലാക്കിയ അവർ തികച്ചും വാത്സല്യത്തോടെയാണ് എന്നോട് പെരുമാറിയത്.
വിശുദ്ധ ബൈബിളിനെക്കുറിച്ചും മഹാദൈവമായ യേശുകർത്താവിനെക്കുറിച്ചും ക്രിസ്തീയ മിഷനറിമാരെക്കുറിച്ചുമൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ അവരോട് പറഞ്ഞു. സ്നേഹസമ്പന്നയായ ഒരു അമ്മയുടെ മനസ് അവരുടെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അവരുടെ ലളിതജീവിതവും ഉയർന്ന ചിന്തയും ആർഭാടരഹിതമായ വസ്ത്രധാരണരീതിയും എന്നെ ഏറെ സ്വാധീനിച്ചിരുന്നു. ഉയരുന്തോറും മഹാത്മാക്കളിൽ വിനയവും ലാളിത്യവും വർദ്ധിച്ചുവരും എന്നുള്ളതിന്റെ മകുടോദാഹരണം കൂടിയായിരുന്നു അവരെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അവരുടെ അസാധാരണ ധൈര്യവും മുഖം നോക്കാതെ കാര്യങ്ങൾ തുറന്നു പറയുന്ന ചങ്കൂറ്റവും എനിക്കൊരു
പാഠപുസ്തകമായിരുന്നു.
കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് ലഭിക്കാവുന്നതിലേക്കും വലിയ ഭാഗ്യമായിരുന്നു ഇന്ത്യയുടെ ഉരുക്കുവനിതയായ അവരുമായി സംസാരിക്കുവാൻ ലഭിച്ച ഏതാനും ചില നിമിഷങ്ങൾ. ഓർമയുടെ അടിത്തട്ടിൽ പതിറ്റാണ്ടുകൾക്കു ശേഷവും ആ മംഗളനിമിഷങ്ങൾ പ്രഭ പരത്തി നിൽക്കുന്നു.
ഓരോ ഭാരതീയനെയും പോലെ ഇന്ദിരാഗാന്ധിയുടെ മരണം എനിക്കും ഒരു ഷോക്കായിരുന്നു. ഞാൻ ഏറെ ദു:ഖിച്ച ഒരു ദിവസം കൂടിയായിരുന്നു അത്. കേരളത്തിലെ പ്രസിദ്ധമായ ഒരു നഗരത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിൽ ഏതാനും മിനിറ്റുകൾ അവരെപ്പറ്റി സംസാരിക്കുവാൻ എനിക്ക് അവസരം ലഭിച്ചതും ഞാൻ ഓർക്കുന്നു.

Comments are closed.