Ultimate magazine theme for WordPress.

ചത്തീസ്ഗഡ് ഹൈക്കോടതി വിധിയിൽ ആശങ്ക രേഖപ്പെടുത്തി പിസിഐ

തിരുവല്ല: ചത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരും വിശ്വാസികളും പ്രവേശിക്കരുതെന്ന ആവശ്യത്തെച്ചൊല്ലി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഹർജിക്കാർക്ക് എതിരായി വിധി പ്രസ്താവിച്ചതിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) ആശങ്ക രേഖപ്പെടുത്തി.

മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, വിശ്വാസപ്രചാരണം എന്നിവ ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങളാണെന്നും, പ്രസ്തുത വിധി ക്രൈസ്തവരടക്കം മത ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നതും രാജ്യത്തിന്റെ മതനിരപേക്ഷതയുടെ ആത്മാവിനെ ചോദ്യം ചെയ്യുന്നതുമാണെന്നും പി.സി.ഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നിയമ വിദഗ്ധരുമായി ആലോചിച്ച് വിഷയത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കാൻ പി.സി.ഐ തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ വിശ്വാസികളും സമാധാനപരമായി, നിയമപരിധിക്കുള്ളിൽ അവരുടെ വിശ്വാസം അനുഷ്ഠിക്കാനും പ്രസംഗിക്കാനും കഴിവുള്ള സാഹചര്യം ഉറപ്പാക്കാനുള്ള ഭരണഘടനയും ഭരണ സംവിധാനവും ബാധ്യത നിറവേറ്റണമെന്ന് പി.സി.ഐ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ ശാന്തിയും പ്രാർത്ഥനയും നിലനിർത്താൻ പി.സി.ഐ ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു. കൂടാതെ, രാജ്യത്തിന്റെ നീതിയും മതസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമങ്ങളിൽ പങ്കുചേരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പി.സി.ഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യുസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രസിഡണ്ട് പാസ്റ്റർ ജെ. ജോസഫ്, ട്രഷറാർ ജിനു വർഗീസ്, കോർഡിനേറ്റർ അജി കുളങ്ങര, വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ വൈ. യോഹന്നാൻ (ജയ്പൂർ), സാം ഏബ്രഹാം (കലമണ്ണിൽ), പാസ്റ്റർ ഫിലിപ് ഏബ്രഹാം, സെക്രട്ടറിമാരായ ബെന്നി കൊച്ചുവടക്കേൽ, പാസ്റ്റർ ലിജോ കെ. ജോസഫ്, പാസ്റ്റർ റോയ്സൺ ജോണി, ഡിപ്പാർട്ട്മെന്റ് കൺവീനർമാരായ പാസ്റ്റർ എം.കെ. കരുണാകരൻ, പി.ഡി. വർഗീസ് (ചെന്നൈ), ബ്ലസിൻ ജോൺ മലയിൽ എന്നിവർ പ്രസംഗിച്ചു

Sharjah city AG

Comments are closed.