ഭിവണ്ടി : നിയമവിരുദ്ധമായ മതപരിവർത്തന പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് അമേരിക്കൻ പൗരൻ ഉൾപ്പെടെ മൂന്ന് പേരെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഭിവണ്ടിയിൽ പോലീസ് അറസ്റ്റ് ചെയ്തു. 58-കാരനായ ജെയിംസ് വാക്സൺ എന്ന അമേരിക്കൻ പൗരനാണ് അറസ്റ്റിലായത്.
അമേരിക്കയിലെ സൗത്ത് കരോലിനയിൽ നിന്നുള്ളയാളാണ് വാക്സൺ എന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് വിസയിൽ ഇന്ത്യയിലെത്തിയ ഇയാൾ വിസാ നിയമങ്ങൾ ലംഘിച്ച് മതപ്രചാരണത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഭിവണ്ടിയിലെ ചിമ്പിപാഡ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന ഒരു പ്രാർത്ഥനാ യോഗത്തിലാണ് സംഭവം. ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
താനെയിൽ താമസിക്കുന്ന യുഎസ് പൗരൻ ജെയിംസ് വാക്സൺ, പാൽഘർ നിവാസിയായ സായിനാഥ് ഗണപതി സർപെ (42), ചിമ്പിപാഡ നിവാസിയായ മനോജ് ഗോവിന്ദ് കോൽഹ (35) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299, 302 (മതവികാരങ്ങളെ പ്രകോപിപ്പിക്കാനുള്ള മനഃപൂർവ്വമായ പ്രവൃത്തികൾ), വിദേശികളുടെ നിയമം, ബ്ലാക്ക് മാജിക് വിരുദ്ധ നിയമം ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വാക്സൺ സൈനിക യൂണിഫോം ധരിച്ച് ക്യാമറയോട് സംസാരിക്കുന്ന ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇദ്ദേഹം ഒരു ആർമി മേജറാണെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഹിന്ദുത്വം അന്ധവിശ്വാസത്തിൽ അധിഷ്ഠിതമാണ് എന്ന് ഗ്രാമവാസികളോട് പറഞ്ഞ ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് സന്തോഷം, സമൃദ്ധി എന്നിവ നൽകുമെന്ന് വാക്സണും സഹായികളും വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു.

Comments are closed.