കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഫൈസര്‍
ന്യൂഡല്‍ഹി: ആരോഗ്യമുളള ആറ് മാസം പ്രായമുളള കുട്ടികള്‍ മുതല്‍ 12 വയസ്സ് വരെയുളള കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച് ഫൈസര്‍. ഫൈസറും ജര്‍മ്മന്‍ മരുന്ന് നിര്‍മ്മാതാക്കാളായ ബയോടെകിന്റെ പങ്കാളിത്തത്തോട് കൂടിയാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്.
ബുധനാഴ്ച സന്നദ്ധ പ്രവര്‍ത്തകര്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയതായി ഫൈസര്‍ വക്താവ് ഷാരോണ്‍ കാസ്റ്റിലോ പറഞ്ഞു. രണ്ട് വാക്‌സിന്റെ മൂന്ന് ഡോസുകളാണ് പരീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 144 കുട്ടികളിലാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. മൂന്ന് പ്രായക്കാരായ കുട്ടികളെയാണ് ട്രയലിന്റെ ആദ്യ ഘട്ടത്തിനായി കമ്പനി തെരഞ്ഞെടുക്കുക. ആറ് മാസത്തിനും രണ്ട് വയസ്സിനും ഇടയിലുളളവര്‍, രണ്ട് വയസ്സിനും അഞ്ച് വയസ്സിനും ഇടയിലുളളവര്‍ അഞ്ച് വയസ്സ് മുതല്‍ പതിനൊന്ന് വയസ്സ് വരെയുളളവര്‍ എന്നിവരിലാണ് പരീക്ഷിക്കുന്നത്.
പീഡിയാട്രിക് ട്രയലില്‍ ആറ് മാസം പ്രായമുളള കുട്ടികളെ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ട്രയലിന്റെ അടുത്ത ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഡോസ് ലെവലിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഗവേഷകര്‍ വിലയിരുത്തും. അമേരിക്കയില്‍ 16നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍-ബയോടെക് വാക്‌സിന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കൊച്ചുകുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുവദിച്ചിട്ടില്ല. 2021 ന്റെ പകുതിയോടെ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാസ്റ്റിലോ പറഞ്ഞു.
