നായകളിലും പൂച്ചകളിലും പുതിയ കോവിഡ് വകഭേദം
മഹാമാരിയുടെ ആദ്യ സമയം മുതൽ ഗവേഷകർ നടത്തിയ പഠനങ്ങളിൽ നിന്ന് മനുഷ്യരേക്കാൾ മൃഗങ്ങളെയാണ് കോവിഡ് അപകടത്തിലാക്കുകയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളിൽ തന്നെ പൂച്ചകളെയാണ് കോവിഡ് കാര്യമായി ബാധിക്കുക. അവയുടെ കോശങ്ങൾക്ക് പുറത്തുള്ള എയിസ്2 എന്ന പ്രോട്ടീൻ മനുഷ്യരുടെ ശരീരത്തിലുള്ള കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി സമ്പർക്കത്തിൽ വരുന്നത് കൊണ്ടാണിത്. മഹാമാരിയുടെ ആദ്യ നാളുകളിൽ തന്നെ സാർസ് കോവ് 2 മൃഗങ്ങളിലും പക്ഷികളിലുമെല്ലാം കോവിഡ് ബാധയ്ക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ആദ്യമായി കോവിഡിന്റെ പുതിയ യുകെ വകഭേദമായ ബി.1.1.7. എന്ന വൈറസും നായകളിലും പൂച്ചകളിലും സ്ഥിരീകരിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇവയ്ക്കെല്ലാം മയോകാർഡിറ്റിസ് എന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്നതാണ്. ഇവ കോറോണ മൂലമാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ലെങ്കിലും വേണ്ട ജാഗ്രത സ്വീകരിക്കണമെന്ന് ഗവേഷകർ പറയുന്നു. യുകെയിലും യുഎസിലും നടത്തിയ വ്യത്യസ്ത പഠനങ്ങളിലാണ് ഇവയിൽ രോഗം കണ്ടെത്തിയത്. ഈ നായകളുടേയും പൂച്ചകളുടെയും ഉടമകളിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരാൻ സാധ്യതയുള്ള കോവിഡ് വൈറസ് അത്തരത്തിൽ തന്നെയാകാം നായകളിലേക്കും പൂച്ചയിലേക്കും പകർന്നത്.
യുഎസിലെ കൺട്രോൾ ഫോർ ഡിസീസിന്റെ ഭാഗമായ എ ആൻഡ് എം കോളേജ് ഫോർ വെറ്റിനറി മെഡിസിൻ ആൻഡ് ബയോമെഡിക്കൽ സയൻസിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് യുകെ വേരിയന്റായ ബി.1.1.7. എന്ന വൈറസ് ഒരു ബ്ലാക്ക് ലാബ് നായയിലും പൂച്ചയിലും കണ്ടെത്തിയത്. ഇവയുടെ ഉടമസ്ഥർ ഫെബ്രുവരി പകുതിയോടെ കോവിഡ് ബാധിതരായിരുന്നു. ഹൃദയത്തിലെ പേശികൾക്ക് വീക്കം സംഭവിക്കുകയും രക്തം പമ്പ് ചെയ്യുന്നതിൽ പ്രയാസം ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് മയോകാർഡിറ്റിസ്. വൈറസ് ബാധ മൂലവും മറ്റു കാരണങ്ങൾ കൊണ്ടും ഈ അസുഖം ബാധിക്കാം. അസുഖത്തിന്റെ തീവ്രത അനുസരിച്ച് രോഗ ലക്ഷണങ്ങളിൽ മാറ്റം വരും. ചില രോഗികൾ കുഴഞ്ഞുവീഴുകയും ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്യാം.