ഇന്ത്യ ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു: പാകിസ്ഥാന്റെ ആരോപണത്തിന് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി : ഇന്ത്യ ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. ആഗോള ഭീകരതയുടെ യഥാർത്ഥ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് നന്നായി അറിയാമെന്നാണ് ഇന്ത്യയുടെ മറുപടി.
ബലൂചിസ്ഥാൻ ട്രെയിൻ ആക്രമണത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് മറുപടി. ‘പാകിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ ശക്തമായി നിരസിക്കുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം,’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ‘സ്വന്തം ആഭ്യന്തര പ്രശ്നങ്ങൾക്കും പരാജയങ്ങൾക്കും മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുന്നതിനും പഴിചാരുന്നതിനും പകരം പാകിസ്ഥാൻ ഉള്ളിലേക്ക് നോക്കണം.’ അദ്ദേഹം പറഞ്ഞു.
