ന്യുയോർക്ക്: ബഹിരാകാശത്തെ ക്രിസ്മസ് ആഘോഷം ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നു. നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സംഘവുമാണ് നാസ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉള്ളത്.
ചുവന്ന ടീ ഷർട്ട് ധരിച്ച സുനിത വില്യംസും സാന്താ തൊപ്പി ധരിച്ച മൂന്ന് സഹപ്രവർത്തകരുമുള്ള പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. ഇവർ ഭൂമിയിൽ നിന്ന് ബഹിരാകാശത്തേയ്ക്ക് തിരിക്കുമ്പോൾ ഇത്രയും കാലം ബഹിരാകാശത്ത് തങ്ങേണ്ടി വരും എന്ന് അറിയാമായിരുന്നോ എന്നാണ് ഒരു ചോദ്യം. നിങ്ങൾ മാസങ്ങൾക്ക് മുമ്പ് ക്രിസ്മസ് അലങ്കാരങ്ങൾ ബഹിരാകാശത്തേക്ക് കൊണ്ടുവന്നിരുന്നോ എന്ന് മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു. അവർ എട്ട് ദിവസത്തെ ദൗത്യത്തിന് പോകുമ്പോൾ ഈ ക്രിസ്മസ് അലങ്കാരങ്ങളെല്ലാം കൂടെ കൊണ്ടുപോയിരുന്നോ എന്നാണ് മറ്റൊരു ചോദ്യം.
ഏതായാലും ചോദ്യത്തിന് മറുപടിയായി ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്തെത്തി. അത് സാന്താ തൊപ്പികള്‍ തന്നെയാണെന്ന് നാസ പറഞ്ഞു. ക്രിസ്മസ് ട്രീയും മറ്റ് അലങ്കാരങ്ങളും സമ്മാനങ്ങളും നവംബറില്‍, മൂന്ന് ടണ്‍ സ്പേസ് എക്സ് ഡെലിവറിയുടെ ഭാഗമായി സുനിതയ്ക്കും സംഘത്തിനും അയച്ചുകൊടുക്കുകയായിരുന്നു. പാക്കേജില്‍ ഹാം, ടര്‍ക്കി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, പീസ്, കുക്കികള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിസ്മസ് ഭക്ഷണവും ഉണ്ടായിരുന്നു. ബഹിരാകാശത്ത് നിന്ന് നാസ ബഹിരാകാശ യാത്രികരുടെ ക്രിസ്മസ് ആശംസകള്‍ അറിയിക്കുന്ന മറ്റൊരു വീഡിയോയും നാസ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
