കോട്ടയം: ദൈവ വചനമാണ് ദൈവമക്കൾക്ക് മാനദണ്ഡമാകേണ്ടത് എന്ന് സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ അർബൻ മിഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളിൽ ശങ്കരമംഗലം സാം സൈമണിന്റെ ഭവനാങ്കണത്തിൽ നടന്ന മാങ്ങാനം ഐക്യ ക്രിസ്തീയ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
ദൈവവചനത്തിന്റെ ആധികാരികത ഇന്നും ചോദ്യം ചെയ്യാപ്പെടാതെ നിൽക്കുന്നത് അത് ദൈവശ്വാസീയമായതിനാലാണെന്നും തികഞ്ഞ ദൈവാശ്രയത്തോടെ ദൈവ വചനം അനുസരിച്ച് ജീവിക്കുമ്പോഴാണ് ദൈവം നമ്മിൽ പ്രസാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റവ. ജോൺസൻ മാത്യുവും ബേസിൽ ജോർജും മുഖ്യ പ്രഭാഷണം നടത്തി. ഇവാൻജലിക്കൽ സഭാ യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു പ്രാരംഭ യോഗത്തിൽ അധ്യക്ഷത വഹിച്ചു. റവ. ഷിനു മാത്യു, റവ. ഷിബു ഐസക്ക്, പ്രൊഫ. ജോർജ് പി. വർക്കി പ്രാർത്ഥനക്ക് നേതൃത്വം നൽകി. റവ. കെ. ജി മാത്യു സ്വാഗതം ആശംസിച്ചു. റവ. ജയ്മാത്യു, റവ. ജോൺസൻ ദാനിയേൽ, തോമസ് ജോൺ മലയാറ്റ്, ജോഫി ജോസഫ് എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. കോട്ടയം അർബൻ മിഷൻ ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിച്ചു.
നാളെ കൺവൻഷൻ സമാപിക്കും. വൈകിട്ട് 6.30 മുതൽ 8.30 വരെയുള്ള സമാപന യോഗത്തിൽ റവ. സാംജി കെ. സാം മുഖ്യ പ്രഭാഷണം നടത്തും.
വാർത്ത: റവ. അനീഷ് മാത്യു
