Ultimate magazine theme for WordPress.

ക്രിസ്മസ് ദിനങ്ങളിലെ സപ്തദിന നാഷണൽ സർവീസ് സ്കീം ക്യാമ്പുകൾ മാറ്റിവെക്കണം : കെസിസി

തിരുവല്ല: ക്രിസ്മസ് ദിനങ്ങളിലെ സപ്തദിന നാഷണൽ സർവീസ് സ്കീം ക്യാമ്പുകൾ മാറ്റിവെക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.

ക്രൈസ്തവ സമുഹം പ്രാധാന്യത്തോടെ ആചരിക്കുന്ന ക്രിസ്തുമസ് ദിനങ്ങളിലും അതിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ നടക്കുന്ന ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കഴിയുന്നില്ല. ഗായകസംഘത്തിനും യുവജനവിഭാഗത്തിനും നേതൃത്വം നല്കുന്ന കുട്ടികള്‍ അതിനാല്‍ എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നു.

ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌ക്കീമിന്റെ സപ്തദിന സഹവാസക്യാമ്പ് ഒന്നാംവര്‍ഷ പൊതുപരീക്ഷയ്ക്ക് ശേഷം മധ്യവേനലവധി സമയത്ത് നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് 25 ന് വേണമെങ്കിൽ അവധി നല്കാമെന്ന് പ്രോഗ്രാം ഓഫീസർമാരെ അധികാരികൾ വാക്കാൽ അറിയിച്ചതായി അറിയുന്നു. ക്രിസ്മസ് കാലയളവിൽ ക്യാമ്പ് നടത്തിയാൽ 24, 25 തീയതികളിൽ നിർബന്ധമായും അവധി നല്കണം.

കൂടാതെ പൊതു വിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകൾ, കലോത്സവങ്ങൾ, മേളകൾ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളിൽ വർദ്ധിക്കുന്നു.
ആലപ്പുഴ റവന്യൂ ജില്ല കായികമേള മണ്ണാറശാല ദേവീക്ഷേത്ര ഉത്സവ ദിനത്തിലും ഞായറാഴ്ചയിലും നടത്തുവാൻ എടുത്ത തീരുമാനം കെസിസി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ആ ദിവസങ്ങളിൽ നിന്നും മാറ്റിവച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ ഭാഗമായ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ നവംബർ, ഡിസംബർ മാസങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നു.

2022 ഒക്ടോബർ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. എൻ എസ്സ് എസ്സ്, എൻ സി സി ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ഇപ്പോൾ പതിവായി നടത്തിവരുന്നു. അവധി ദിനങ്ങൾ നിർബന്ധിത പ്രവർത്തി ദിനങ്ങളാക്കികൊണ്ടുള്ള മനുഷ്യാവകാശങ്ങളിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടണമെന്ന് കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ആവശ്യപ്പെട്ടു.

Sharjah city AG
Leave A Reply

Your email address will not be published.