ഷാർജ : യുഎഇ കിഴക്കൻ തീരമേഖലയിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ നടത്തിയ ഇൻ്റർ സ്‌കൂൾ ടാലെന്റ്റ് മത്സരത്തിൽ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ ഖോർഫക്കാൻ ഓവർഓൾ ചാമ്പ്യൻഷിപ് ട്രോഫി നേടി.
നാല് വേദികളിലായി ഇരുപതോളം മത്സര ഇനങ്ങളിൽ വടക്കൻ എമിറേറ്റിലെ ആറോളം സ്കൂളുകളിലെ കലാപ്രതിഭകൾ മാറ്റുരച്ചു. കിഡ്‌സ്, സബ് ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്‌സ്, സൂപ്പർ സീനിയേഴ്സ‌് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ ഖോർഫക്കാൻ മോഡേൺ ഇന്ത്യൻ സ്‌കൂൾ ദിബ്ബ, സെൻ്റ് മേരീസ് കാത്തലിക് സ്‌കൂൾ ഫുജൈറ, റോയൽ പ്രൈവറ്റ് സ് കൂൾ ഫുജൈറ, എമിനൻസ് സ്‌കൂൾ ഫുജൈറ, ഇന്ത്യൻ സ്‌കൂൾ ഫുജൈറ എന്നീ സ്‌കൂളുകളിലെ അഞ്ഞുറോളം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ രക്ഷാധികാരി സ്റ്റാൻലി, പ്രസിഡൻ്റ് വിനോയ് ഫിലിപ്പ്, സെക്രട്ടറി സീനി ജമാൽ, പ്രോഗ്രാം കൺവീനർ മൊയ്‌ദു, കൾച്ചറൽ സെക്രട്ടറി സൈനുദ്ധീൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഓവർഓൾ ചാമ്പ്യൻഷിപ് ട്രോഫി ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്‌കൂൾ മാനേജർ ബോബി മാത്യൂസ്, വൈസ് പ്രിൻസിപ്പൽ ഡഗ്ളസ് ജോസഫ്, അലൻ ബോബി എന്നിവർ ഏറ്റുവാങ്ങി. കുര്യൻ, പ്രിമസ് പോൾ, ജോബിൻ, സജു, ഖലീൽ, ബിജു വർഗീസ് അജിത റാംസൺ, ഗോപിക അജയ് എന്നിവർ കലോത്സവത്തിന് നേതൃത്യം നൽകി.
