Ultimate magazine theme for WordPress.

പാസ്റ്റർ പി വി ചുമ്മാർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ പി വി ചുമ്മാർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും, അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ കർത്തൃദാസൻ പാസ്റ്റർ പി വി ചുമ്മാർ (90 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

‘എന്നും നടത്തും അവൻ എന്നെ നടത്തും’, ‘ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ’ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിത രംഗത്ത് പ്രവർത്തന നിരതനാണ്. തൃശൂർ ജില്ലയിലെ പഴഞ്ഞിയിൽ 1932 ആഗസ്റ്റ് 20 ന് പുലിക്കോട്ടിൽ ശ്രീ വറുതുണ്ണി – ശ്രീമതി ചെറിച്ചി ദമ്പതികളുടെ മകനായി ജനിച്ചു. ഓർത്തഡോക്സുകാരായ മാതാപിതാക്കൾ ചെറു പ്രായത്തിലേ മകനെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ പഠിപ്പിച്ചു. പത്താം വയസ്സിൽ മാർത്തോമാ സണ്ടേ സ്കൂൾ വാർഷികത്തിൽ യേശുവിനെ രക്ഷകനായി സ്വീകരിച്ച ചുമ്മാർ, പിന്നീട് ഐ പി സി പഴഞ്ഞി സണ്ടേ സ്കൂളിൽ പഠനം ആരംഭിച്ചു.

ചെറിയ പ്രായത്തിൽ തന്നെ സുവിശേഷീകരണത്തിലുള്ള താൽപര്യം തന്നിൽ നിറഞ്ഞു നിന്നതിനാൽ സണ്ടേസ്കൂൾ അധ്യാപ കനായും പരസ്യയോഗ പ്രസംഗകനായും പ്രവർത്തിച്ചു വന്നു. അക്കാലത്ത് പഴഞ്ഞിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ശ്രീ സി ഐ ചാക്കോരു മാസ്റ്റർ, സുവിശേഷകൻ സി വി താരപ്പൻ എന്നിവരുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്ത് ദൈവവചനത്തിൽ അറിവു നേടി. തുടർന്ന് അപ്പൊസ്തലിക് ഫെയ്ത്ത് മിഷന്റെ കൂട്ടായ്മകളിൽ സംബന്ധിക്കുകയും 1956 നവംബർ 16 ന് കർത്തൃദാസൻ പാസ്റ്റർ കെ വി ജോസഫിന്റെ കൈക്കീഴിൽ സ്നാനമേൽക്കുകയും ചെയ്തു.
തന്റെ സ്നാനം കുടുംബത്തിൽ വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സി എ ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കിയ ചുമ്മാർ, ഉപരി പഠനവും ജോലിയുമായി ചെറിയ പ്രായത്തിൽ ചെന്നൈയിൽ എത്തിയെങ്കിലും സുവിശേഷ വേലയിലായിരുന്നു സമയം മുഴുവൻ ചെലവഴിച്ചത്. അധികം താമസിയാതെ പൂർണസമയം സുവിശേഷ വേലയ്ക്കുള്ള ദൈവവിളി ഏറ്റെടുത്ത് ജോലി രാജിവെച്ചു നാട്ടിലെത്തി. 1960 ൽ പാസ്റ്റർ കെ വി ജോസഫിന്റെ സഭയുമായി ഉപദേശപരമായ ഭിന്നത മൂലം അപ്പോസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എന്ന സഭ സ്ഥാപിക്കുന്നതിൽ പി ഐ ചുമ്മാർ, കെ വി കുരിയപ്പൻ തുടങ്ങിയവരോടൊപ്പം നിർണായക പങ്കു വഹിച്ചു.

പ്രത്യാശ നിർഭരമായ ഗാനങ്ങൾ രചിക്കുവാനും ദൈവം പ്രിയ ദാസനെ ഉപയോഗിച്ചു.1964 ജനുവരി 29 തൃശൂരിലെ ചെമ്പൻ വീട്ടിൽ ജോസഫ് എലിസബത്ത് ദമ്പതികളുടെ മകൾ തങ്കമ്മയെയാണ് പാസ്റ്റർ ചുമ്മാർ വിവാഹം ചെയ്ത്. വിവാഹ ശേഷം ഇരുവരും ബൈബിൾ കോളേജ് പഠനം പൂർത്തിയാക്കി. 1960 ൽ സ്ഥാപിതമായ അപ്പോസ്തൊലിക് ചർച്ചിന്റെ സുവിശേഷകനായി തുടർന്നു.1966 ൽ കർത്തൃദാസൻ പാസ്റ്റർ എം വി ചാക്കോ ഇരവിപേരൂർ ഓർഡിനേഷൻ നൽകി.1990 ഫെബ്രുവരി 6 ന് തന്റെ സഹധർമ്മിണി നിത്യതയിൽ പ്രവേശിച്ചു. അപ്പോസ്തൊലിക് ചർച്ചിന്റെ പ്രസിഡന്റായായി നാളിത് വരെയും തുടർന്നു. പ്രായത്തെ വകവെക്കാതെ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു കർത്തൃദാസൻ.

ജീവിതത്തില്‍ ഒരിക്കല്‍ പോലും വൈദ്യ ശാസ്ത്രത്തെ ആശ്രയിച്ചിട്ടില്ല. എപ്പോഴും ശുഭ്ര വസ്ത്രധാരി. കൈയ്യിലൊരു വേദപുസ്തകവുമായി കവലയിലൂടെ നടന്നു നീങ്ങുന്ന മെലിഞ്ഞ ശരീരത്തിനുടമ ‘ചുമ്മാ’ ഉപദേശിയല്ല. ഉപദേശവും ജീവിതവും ഒരുമിച്ചു കൊണ്ടു പോകുന്ന, ആരാലും അറിയപ്പെടുവാൻ ആഗ്രഹിക്കാത്ത കർത്താവിന്റെ വിശ്വസ്ത ഭടൻ. 1950 കളില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റ് ഫൗണ്ടേഷന്‍ കോഴ്സ് പൂർത്തീകരിച്ച വിദ്യാ സമ്പന്നന്‍. കുന്നംകുളത്തെ പഴഞ്ഞിയില്‍ ജാതിമത ഭേദമന്യേ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന സൗമ്യതയുടെ ആള്‍രൂപം. നിരവധി അനുഭവ സമ്പന്നമായ ഗാനങ്ങളുടെ രചയിതാവും അപ്പോസ്തലിക് ചർച്ച് ഓഫ് ഗോഡ് പ്രസിഡന്‍റുമായ പുലിക്കോട്ടില്‍ വറുതുണ്ണി ചുമ്മാർ എന്ന പാസ്റ്റർ പി.വി.ചുമ്മാറിന്‍റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

പഠനത്തില്‍ അതി സമർത്ഥനായിരുന്ന ചുമ്മാർ വിദ്യാർഥികള്‍ക്ക് ട്യൂഷന്‍ ക്ലാസെടുത്തു വിദ്യാഭ്യാസത്തിനുള്ള പണം സ്വയം കണ്ടെത്തി. 1952 ല്‍ സിറ്റി ആന്‍ഡ് ഗൈല്‍സ് ഓഫ് ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് കോഴ്സ് വിജയിച്ചു. തുടർന്ന് മദ്രാസില്‍ ടെലഗ്രാഫ് സിഗ്നലിങ് കോഴ്സും ഒടുവില്‍ സി എ ഫൗണ്ടേഷന്‍ കോഴ്സും പൂർത്തിയാക്കി. മാർത്തോമ്മാ, ഐ പി സി. സണ്ടേ സ്കൂളുകളിലെ പഠനം തന്‍റെ ജീവിതത്തെ സ്വാധീനിച്ചു.

സുവിശേഷ വയലില്‍

പൂർണസമയ സുവിശേഷ വേലയ്ക്ക് നിയോഗമുണ്ടായപ്പോള്‍ നാട്ടിലേക്ക് മടങ്ങി. എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് കർത്തൃ സേവയ്ക്കായി സമർപ്പിച്ച ചുമ്മാറിനെ വീട്ടുകാരും നാട്ടുകാരും പരിഹസിച്ചു. തന്‍റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ സമ്മർദ്ദങ്ങള്‍ ഉണ്ടായെങ്കിലും പതറിയില്ല. വിദ്യാസമ്പന്നനായ ചുമ്മാറിനു ബുദ്ധിഭ്രമം സംഭവിച്ചു എന്നാണ് പലരും വിധിയെഴുതിയത്. 1964 ജനുവരി 29ന് തൃശൂർ ചെമ്പന്‍ വീട്ടില്‍ തങ്കമ്മ ജീവിത സഖിയായി. അതേ വർഷം ഇരുവരും മുളക്കുഴ മൗണ്ട് സിയോന്‍ ബൈബിള്‍ സ്കൂളില്‍ ചേർന്നു. ജനിച്ച മണ്ണില്‍ തന്നെ കർത്താവിനെ സാക്ഷീകരിക്കുവാന്‍ ഈ സുവിശേഷ ദമ്പതികള്‍ തീരുമാനിച്ചു. നഗ്ന പാദനായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് സത്യ സന്ദേശം നാടെങ്ങും പ്രചരിപ്പിച്ചു. പ്രസംഗവും പ്രവൃത്തിയും സമാന്തരമായി കൊണ്ടു പോകുന്ന ചുമ്മാർ ഉപദേശിയുടെ ജീവിതം അനേകരെ സ്വാധീനിച്ചു. പാസ്റ്റർ എം വി ചാക്കോയാണ് (ഇരവിപേരൂർ) ചുമ്മാർ ഉപദേശിക്ക് പാസ്റ്റർ ഓർഡിനേഷന്‍ നല്‍കിയത്.

കനല്‍വഴികള്‍

കഷ്ടതയുടെയും പട്ടിണിയുടെയും കനല്‍ വഴിയിലൂടെയാണ് പാസ്റ്റർ പി വി ചുമ്മാറും കുടുംബവും സഞ്ചരിച്ചത്. സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗങ്ങൾ ചുറ്റും പാർക്കുന്നുണ്ടെങ്കിലും തന്‍റെ ഇല്ലായ്മകള്‍ ദൈവത്തോട് മാത്രം പങ്കു വച്ചു. പല ദിവസങ്ങളിലും പിഞ്ചു കുഞ്ഞുങ്ങളുമായി പട്ടിണി കിടന്നു. അയല്‍വാസികള്‍ അറിയാതിരിക്കുവാന്‍ ചപ്പു ചവറുകള്‍ വാരിക്കൂട്ടി അടുപ്പിലിട്ടു കത്തിച്ചു പുകയുണ്ടാക്കി. ഒരിക്കല്‍ ഭാര്യയോടും രണ്ടര വയസ്സുള്ള മകളോടും ഒപ്പം ഒരാഴ്ചയോളം ആഹാരമില്ലാതെ കഴിഞ്ഞു. ദൈവസന്നിധിയില്‍ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ തിരുവചന ഭാഗങ്ങള്‍ ഉറപ്പിച്ചു. 6-ാം ദിവസം രാത്രിയില്‍ വിളക്കിലെ മണ്ണെണ്ണയും തീർന്നു; ദീപം അണഞ്ഞു. വിശന്നു കരഞ്ഞ കുഞ്ഞിന്‍റെ നിലവിളിയും നിലച്ചു. പായില്‍ ചുരുണ്ടു കിടക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം. വാതില്‍ തുറന്നപ്പോള്‍ ആ കാഴ്ചയിൽ ചുമ്മാർ ഉപദേശി ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചു. ചോറും കറികളും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങളുമായി അപരിചിതനായ ഒരു മനുഷ്യന്‍! പിന്നീടൊരിക്കലും ആ മുഖം കണ്ടിട്ടില്ല എന്നു പാസ്റ്റർ ഓർമ്മിക്കുന്നു. “വിളിച്ചവന്‍ വിശ്വസ്ഥന്‍, അവസാനത്തോളം പരിപാലിക്കുവാന്‍ ശക്തന്‍”.

മരുന്നു കയറാത്ത ശരീരം

വിശ്വാസ അനുഭവത്തിലേക്കു വരുന്നതിനു മുമ്പേ പി വി ചുമ്മാർ ദൈവീക രോഗശാന്തിയില്‍ അടിയുറച്ചു വിശ്വസിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുണ്ടിനീര് പിടിപെട്ടു. ചികിത്സിച്ചു രോഗം ഭേദമായതിനു ശേഷം ക്ലാസില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു സ്കൂളില്‍ നിന്നും പുറത്താക്കി. ഭവനത്തിലെത്തിയ ചുമ്മാർ എന്ന ബാലന്‍ തട്ടിനു മുകളില്‍ കയറി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശക്തമായ പ്രകാശം ദർശിച്ചു. പിറ്റേ ദിനം സൗഖ്യം പ്രാപിച്ചു സ്കൂളിലെത്തിയപ്പോള്‍ അധ്യാപകനു വിശ്വാസം വന്നില്ല. അടുത്തുള്ള വൈദ്യനെ വിളിച്ചു വരുത്തി രോഗം ഭേദമായെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ക്ലാസില്‍ പ്രവേശിപ്പിച്ചത്. മദ്രാസില്‍ പഠിക്കുമ്പോള്‍ വിഷതേളിന്‍റെ കുത്തേറ്റ് ശരീരമാകെ വ്രണങ്ങള്‍ ബാധിച്ചു. മെഡിക്കല്‍ സയന്‍സിനെ ആശ്രയിക്കാതെ, രണ്ടുപതിറ്റാണ്ടിനു ശേഷമാണ് പൂർണ സൗഖ്യം ലഭിച്ചത്. ഒരിക്കല്‍ ബസില്‍ നിന്നും പുറത്തേക്കു വീണു പരുക്കേറ്റ ചുമ്മാറിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. തന്‍റെ വിശ്വാസ ജീവിതത്തെപ്പറ്റി ഡോക്ടർമാരോടു പറഞ്ഞതിനു ശേഷം ചികിത്സ തേടാതെ ഉപദേശി വീട്ടിലെത്തി. ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ പല തവണ ഉണ്ടായെങ്കിലും ദൈവിക രോഗസൗഖ്യം അനുഭവിച്ചു. മരണം വരെ മരുന്ന് ശരീരത്തില്‍ കയറ്റരുത് എന്നാണ് തന്‍റെ പ്രാർത്ഥനയും ഉറച്ച നിലപാടും.

മകൻ ഗ്ലെന്നിക്ക് നാലു മാസം പ്രായമുള്ളപ്പോള്‍ മാതാവ് തങ്കമ്മക്ക് ടൈഫോയ്ഡ് പിടിപെട്ടു മരണ താഴ്‌വരെയിലെത്തി. സഭാ വിശ്വാസികള്‍ ചുറ്റുമിരുന്ന് പ്രത്യാശഗാനം ആലപിക്കുമ്പോള്‍ ചുമ്മാർ ഉപദേശി മറ്റൊരു മുറിയില്‍ മുഴങ്കാലില്‍ നില്‍ക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളെയോർത്ത് തന്റെ പ്രിയതമക്ക് ആയുസ് നീട്ടി കൊടുക്കണമെന്നും ദൈവനാമം ദേശത്ത് ദുഷിക്കപ്പെടരുതെന്നും മനസ്സുരുകി പ്രാർത്ഥിച്ചു. സങ്കീർത്തനം 39:4 ഉദ്ധരിച്ചു തങ്കമ്മ കിടക്കയില്‍ നിന്നും ചാടി എഴുന്നേല്‍ക്കുന്നത് എല്ലാവരും അത്ഭുതത്തോടെ വീക്ഷിച്ചു. ദീർഘ വർഷങ്ങള്‍ക്ക് ശേഷം 1990 ഫെബ്രുവരി 6 നാണ് തങ്കമ്മ നിത്യതയില്‍ പ്രവേശിച്ചത്.

നാട്ടുകാരുടെ സാക്ഷ്യം

പാസ്റ്റർ പി വി ചുമ്മാർ കരം വച്ചപ്പോള്‍ നിരവധി രോഗികള്‍ സൗഖ്യമായി. സാമുദായിക, സഭാ വ്യത്യാസമില്ലാതെ കുന്നംകുളം നിവാസികള്‍ പ്രാർത്ഥനയ്ക്കായി ചുമ്മാർ ഉപദേശിയെ ക്ഷണിക്കാറുണ്ട്. മാത്രമല്ല, ദൈവനിയോഗമുണ്ടാകുമ്പോള്‍ അവർ വിളിക്കാതെ തന്നെ രോഗികളുടെ അരികിലെത്തി പ്രാർത്ഥിക്കും. ആലുവ യു സി കോളേജ് റിട്ടയേർഡ് പ്രഫസർ ഫാദർ ജോസഫ് ചീരന്‍ പറയുന്നത് ഇങ്ങനെ “എന്‍റെ പിതാവിന് ശ്വാസ തടസ്സം ഉണ്ടാകുമ്പോള്‍ ചുമ്മാർ ഉപദേശിയെ കൂട്ടികൊണ്ടു വരാന്‍ പറയും. അദ്ദേഹം ഇവിടെയെത്തി പ്രാർത്ഥിക്കുമ്പോള്‍ പിതാവ് ആശ്വാസം പ്രാപിക്കും”. ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് നോർത്ത് വെസ്റ്റ് സെന്റർ പാസ്റ്റർ വിക്ടർ ഫ്രാന്‍സിസ് 1972 ലെ അനുഭവം പങ്കുവെച്ചു; “എന്‍റെ മാതാവ് ന്യൂമോണിയ ബാധിച്ചു 24 ദിവസങ്ങള്‍ ബോധരഹിതയായി. മരുന്ന് ഉപയോഗിക്കാത്ത മാതാവ് മരിച്ചെന്ന് എല്ലാവരും വിധിയെഴുതി. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചുമ്മാർ ഉപദേശി ദൈവദൂതനെപ്പോലെ അവിടെയെത്തിയത്. അദ്ദേഹം വിശ്വാസത്തോടെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ മാതാവ് കണ്ണുകള്‍ തുറന്ന് ഉറക്കെ ഹലേല്ലുയ്യ പറഞ്ഞു. ഏതാനും വർഷങ്ങൾ കഴിഞ്ഞാണ് മാതാവ് മരിച്ചത് ”. ഇത്തരം അനുഭവങ്ങളുടെ നീണ്ട പട്ടികയുണ്ടെകിലും പബ്ലിസിറ്റിക്ക് വേണ്ടി ഇതൊന്നും പറയാറില്ല എന്നതാണ് പാസ്റ്റർ പി വി ചുമ്മാറിനെ വ്യത്യസ്തനാക്കുന്നത്.

പാസ്റ്റർ പി വി ചുമ്മാറിന്‍റെ നാലു മക്കളും ആത്മീയ പ്രവർത്തനങ്ങളില്‍ സജീവമാണ്. മൂത്ത മകൻ പി സി ഗ്ലെന്നി മികച്ച സംഘാടകനും എഴുത്തുകാരനും ഗുഡ്ന്യൂസ് യു എ ഇ ചാപ്റ്റർ പ്രസിഡന്‍റുമാണ്. ഇളയമകന്‍ ഡെന്നി പുലിക്കോട്ടിൽ മാധ്യമം ദിനപത്രം റിപ്പോർട്ടറായി ജോലി ചെയ്യുമ്പോഴും സഭാ പ്രവർത്തനങ്ങളില്‍ പിതാവിനൊപ്പമുണ്ട്. സുവിശേഷകയായ ആല്ഫമോൾ, ബെക്കി എന്നിവരാണ് പാസ്റ്റർ ചുമ്മാറിന്‍റെ പെണ്‍മക്കള്‍. പഴഞ്ഞിക്കാരുടെ ‘ഉപദേശി’, വീട്ടുകാരുടെയും സഭാംഗങ്ങളുടെയും ‘ഉപ്പാപ്പന്‍’ ആയിരുന്നു പാസ്റ്റർ പി വി ചുമ്മാർ.

മക്കൾ : ആൽഫ മോൾ, ബെക്കി, ഗ്ലെന്നി പി സി (മന്ന ചീഫ് എഡിറ്റർ) ഡെന്നി (മാധ്യമം ദിനപത്രം) എന്നിവർ മക്കളാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG