Ultimate magazine theme for WordPress.

പൊലീസ് സ്റ്റേഷൻ അക്രമണം ; മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ്

മണിപ്പൂർ : മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ പൊലീസ് സ്റ്റേഷൻ അക്രമിച്ച സംഭവത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. ഫെബ്രുവരി 15നാണ് സംഭവം നടന്നത്‌. അതിക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി ചുരാചന്ദ്പൂർ എസ്പി ഓഫീസിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും, നാനൂറോളം വരുന്ന സംഘം ഓഫീസിനു നേരെ മാർച്ച് നടത്തുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു . RAF ഉൾപ്പെടെയുള്ള സുരക്ഷാ സേനകളെ അക്രമികളെ തുരത്താനായി രംഗത്തിറക്കുകയും ചെയ്തു .

അക്രമം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ചുരാചന്ദ്പൂർ എസ്പി ശിവാനന്ദ് സർവെ ഹെഡ് കോൺസ്റ്റബിൾ സിയാംലാൽപോളിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സായുധരായ സംഘത്തിനും ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകർക്കൊപ്പം സിയാംലാൽപോൾ ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു നടപടി. ”അച്ചടക്കമുള്ള പോലീസ് സേനയിലെ അംഗമെന്ന നിലയിൽ ഇത് വളരെ ഗുരുതരവും , മോശവുമായ പെരുമാറ്റത്തിന് തുല്യമാണ് “. ആയുധധാരികളുമായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനാൽ ചുരാചന്ദ്പൂർ ജില്ലാ പോലീസിലെ സിയാംലാൽപോളിനെതിരെ വകുപ്പുതല അന്വേഷണവും ആലോചിക്കുന്നതായും പൊലീസ് ഉത്തരവിൽ പറയുന്നു.

മുൻകൂർ അനുമതിയില്ലാതെ സ്റ്റേഷൻ വിട്ടുപോകരുതെന്ന് നിർദ്ദേശം നൽകുകയും, കൂടാതെ അദ്ദേഹത്തിന്റെ ശമ്പളവും, അലവൻസുകളും നിയമപ്രകാരം അനുവദനീയമായ ഉപജീവന അലവൻസിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്തു.

 

Sharjah city AG