ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനെയിയുടെ ഒന്നിലധികം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരോധിച്ച് മെറ്റ. അപകടകരമായ സംഘടനകളും വ്യക്തികളും സംബന്ധിച്ച കമ്പനിയുടെ നയങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് അക്കൗണ്ടുകൾ നിരോധിച്ചത്.
ഇംഗ്ലീഷിലും ഫാർസി ഭാഷയിലുമുള്ള അക്കൗണ്ടുകൾ നിരോധിച്ചുവെന്ന് മിഡിൽ ഈസ് ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ എങ്ങനെയാണ് ഖമനെയിയുടെ അക്കൗണ്ടുകൾ മെറ്റയുടെ നയങ്ങളെ ലംഘിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനി നേതാവിന്റെ ഓൺലൈൻ സാന്നിധ്യത്തിനെതിരെ നടപടികളെടുക്കണമെന്ന് ഇസ്രായേൽ അനുകൂല സംഘടനകൾ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പുതിയ നീക്കം.
അക്രമാസക്തമായ ഒരു പദ്ധതിക്ക് ആഹ്വാനം ചെയ്യുന്ന സംഘടനകളുടെയോ വ്യക്തികളുടെയോ സാന്നിധ്യം തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ അനുവദിക്കില്ലെന്നും അപകടകരമായ സംഘടനകളെ പ്രകീർത്തിക്കുന്നതും പിന്തുണക്കുന്നതുമായ ഉള്ളടക്കം നീക്കം ചെയ്യുമെന്നും മെറ്റ പറഞ്ഞു.
ഖമനെയിയുടെ ഫാർസി ഭാഷയിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിന് അഞ്ച് മില്യണിലധികം ഫോളോവേഴ്സുണ്ടായിരുന്നു.
