പാക് വനിത യു.പിയില്‍ പഞ്ചായത്ത് അധ്യക്ഷ, അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മജിസ്ട്രേട്ട്
ആഗ്ര: പാകിസ്ഥാനില്‍നിന്നുള്ള വനിത ഉത്തര്‍പ്രദേശിലെ ഇറ്റായില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍. കറാച്ചി സ്വദേശിനിയായ ബാനൂ ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇറ്റാ ജില്ലക്കാരനായ ഒരാളെ വിവാഹം കഴിഞ്ഞ് 40 വര്‍ഷമായി അവിടെ താമസിക്കുകയാണ് അവര്‍.പാക് പൗരയാണെന്ന് വ്യക്തമായതോടെ ബാനൂ ബീഗത്തെ ഗ്രാം പ്രഥാന്‍ പദവിയില്‍നിന്ന് നീക്കിയതായും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഇറ്റാ ജില്ലാ ഗ്രാമപഞ്ചായത്തിരാജ് ഓഫീസര്‍ അലോക് പ്രിയദര്‍ശി വ്യക്തമാക്കി.
അവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാക് വനിതയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പിന്നീട് ഇടക്കാല അധിക്ഷയാകാനും കഴിയുന്ന തരത്തില്‍ അവര്‍ക്ക് ആധാറും മറ്റ് രേഖകളും എങ്ങനെ ലഭിച്ചു എന്നതിനെപ്പറ്റി അന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേട്ട് ഉത്തരവിട്ടു.
