ഖാര്‍തൂം: സുഡാനിലെ നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. ഖാര്‍ത്തൂമിനടുത്തുള്ള നഗരമായ ഒംദുര്‍മാനിലാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സുഡാന്‍ സൈന്യവും അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിലെ ഏറ്റവും മാരകമായ വ്യോമാക്രമണമാണിതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നതിന്റെയും അവശിഷ്ടങ്ങളില്‍ നിന്നും മരിച്ചവരെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ആരോഗ്യ മന്ത്രാലയം പോസ്റ്റ് ചെയ്തു. ആക്രമണം നടത്തിയത് സൈന്യമാണെന്ന് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ആരോപിച്ചു. സൈന്യമാണോ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ആണോ ആക്രമണം നടത്തിയതെന്നതില്‍ വ്യക്തയില്ലെന്ന് ഒംദുര്‍മാന്‍ പ്രദേശവാസികള്‍ പറഞ്ഞു. ആര്‍.എസ്.എഫിനെ ലക്ഷ്യമിട്ട് മേഖലയില്‍ സൈന്യ വിമാനങ്ങള്‍ പറക്കാറുണ്ടെന്നും സൈന്യത്തിനെതിരെ ആര്‍.എസ്. എഫ് ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഏപ്രിലിലായിരുന്നു സുഡാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്. കഴിഞ്ഞ മാസം ഖാര്‍ത്തൂമില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.
