Ultimate magazine theme for WordPress.

‘ചരിത്ര വിധി’യുടെ ഒന്നാം വർഷത്തിലേക്ക് യു.എസ്; ഒൻപതു മാസത്തിനിടെ രക്ഷപ്പെട്ടത് 25000ൽപ്പരം കുഞ്ഞുങ്ങൾ

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ ‘റോ വേഴ്‌സസ് വേഡ്’ തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച നിർണായക വിധി പ്രഖ്യാപനത്തിന്റെ ഒന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇതുവരെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് കാൽ ലക്ഷത്തിൽപ്പരം കുഞ്ഞുങ്ങൾ, കൃത്യമായി പറഞ്ഞാൽ 25,640 ഗർഭസ്ഥ ശിശുക്കൾ! ഗർഭച്ഛിദ്രത്തിനും ഗർഭനിരോധനത്തിനുമായി പ്രവർത്തിക്കുന്ന ‘സൊസൈറ്റി ഓഫ് ഫാമിലി പ്ലാനിംഗി’ന്റെ ‘വീ കൗണ്ട്’ എന്ന ഗവേഷണ സംരംഭം തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

‘റോ വേഴ്‌സസ് വേഡ്’ സുപ്രീം കോടതി തിരുത്താൻ കാരണമായ ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ വിധി പുറത്തുവന്ന ശേഷമുള്ള ആദ്യത്തെ ഒൻപത് മാസത്തിനിടെ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നതിന് മുമ്പുള്ള മാസങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കാണിത്.

‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കേസിലെ വിധി പ്രഖ്യാപനത്തിലൂടെ, 1973ലെ ഫെഡറൽ നിയമം ഭേദഗതി ചെയ്യപ്പെട്ടപ്പോൾ യു.എസിലെ പ്രോ ലൈഫ് ചരിത്രത്തിൽ രചിക്കപ്പെട്ടത് പുതു ചരിത്രമാണ്. ഗർഭച്ഛിദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമങ്ങൾ പാസാക്കിയെങ്കിലും ‘റോ വേഴ്‌സസ് വേഡ്’ വിധിമൂലം പ്രാബല്യത്തിലാക്കാൻ കഴിയാതെപോയ നിരവധി സംസ്ഥാനങ്ങൾക്ക് വിധി നടപ്പാക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ ലഭ്യമായത്.

ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്‌സസ് വേഡ്’ വിധി 2022 ജൂൺ 24നാണ് യു.എസ് സുപ്രീം കോടതി തിരുത്തിയെഴുതിയത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഫെഡറൽ സർക്കാരിൽനിന്ന് സംസ്ഥാന ഭരണകൂടങ്ങൾക്ക് നൽകപ്പെടുന്നു എന്നതാണ് ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അന്തസത്ത.

അതേസമയം, ഓരോ സംസ്ഥാനത്തെ പ്രോ ലൈഫ് നിയമങ്ങൾ യഥാർത്ഥത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് യു.എസിലെ പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘സൂസൻ ബി ആന്റണി പ്രോ ലൈഫ് അമേരിക്ക’യുടെ ഗവേഷണ വിഭാഗമായ ഷാർലറ്റ് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ചക്ക് ഡോനോവൻ വെളിപ്പെടുത്തി.

Leave A Reply

Your email address will not be published.