ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളും ക്യാമ്പുകളും നേരിട്ട് സന്ദര്‍ശിച്ച് മലയാളി എം.പിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും. മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ അനുമതിയോടെയുള്ള ആസൂത്രിത ആക്രമണങ്ങളാണെന്നും, ഇത് രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണെന്ന് വരുത്തിതീര്‍ക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെടുന്നത് എന്നതാണ് കലാപങ്ങളുടെ പ്രത്യേകതയെന്ന് ഹൈബി ഈഡന് എം.പി പറഞ്ഞു. ഗ്രാമങ്ങള്‍ അപ്പാടെ കത്തിക്കുന്ന സാഹചര്യമുണ്ട്. പക്ഷെ, നഗരമേഖലയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ മാത്രം അക്രമിക്കപ്പെടുകയാണ്. മണിപ്പൂരിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ക്രിസ്ത്യന്‍ വിഭാഗമാണ്. ധാരാളം ചര്‍ച്ചുകളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. ഇവയ്ക്കെതിരെ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്.
മലയാളി സിസ്റ്റര്മാര് നടത്തുന്ന സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലൊക്കെ സായുധസേന ക്യാമ്പ് ചെയ്യുന്നുണ്ട്. അവരെ സംരക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. എന്നിട്ട് പോലും സ്ത്രീകളുടെ ഉള്‍പ്പെടെ നേതൃത്വത്തില്‍ രാത്രി വന്ന് കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ബി.ജെ.പിയുടെ തന്നെ ഇരു വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ എം.എല്‍.എമാരോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. അവര്‍ പോലും വലിയ ഭയപ്പാടിലാണ്,’ ഹൈബി ഈഡന് എം.പി പറഞ്ഞു.
മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം മണിപ്പൂരില്‍ നേരത്തേ ഉള്ളതാണെന്നും ഇപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. ‘ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടുവന്നിട്ടും കേന്ദ്രസേനകളെ വരെ വിന്യസിച്ചിട്ടും 40-45 ദിവസമായി തുടരുന്ന കലാപം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടില്ല. സന്നദ്ധസംഘടനകള്‍ക്ക് സഹായം റോഡുമാര്‍ഗം എത്തിക്കാനാകാത്ത സാഹചര്യമാണ്.’വീടും സ്വത്തും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും പോലും ലഭിക്കുന്നില്ല. ഡിജിറ്റല്‍ ഇന്ത്യയില്‍ മണിപ്പൂരുകാര്‍ക്ക് ഇന്റര്‍നെറ്റ് നഷ്ടപ്പെട്ടിട്ട് ആഴ്ചകളായി. അവിടെ നടക്കുന്നതെന്താണെന്ന് പുറംലോകം അറിയുന്നില്ല. അവര്‍ക്ക് പണം കൈമാറ്റം ചെയ്യാന്‍ പോലും സാധിക്കുന്നില്ല. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒന്നും പറയുന്നുമില്ല. ക്യാമ്പുകളിലുള്ളവര്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ തീര്‍ത്തും അനിശ്ചിതാവസ്ഥയിലാണ്, ഹൈബി ഈഡന് എം.പി പറഞ്ഞു.
