മതസ്ഥാപനങ്ങൾ നടത്തുന്ന മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു പെൻഷന് അർഹതയില്ല: ഉത്തരവുമായി കേരള സർക്കാർ
തിരുവനന്തപുരം : മതസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഉള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്ന ഉത്തരവുമായി സർക്കാർ. ഒപ്പം ഈ വിഭാഗത്തിൽപ്പെട്ടവർ പെൻഷൻ കൈപ്പറ്റുന്നുണ്ടെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
മിഷനറിമാർ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ, കോണ്വന്റുകളിലെ കന്യാസ്തീകൾ, മഠങ്ങളിലെയോ മതസ്ഥാപനങ്ങളിലേയോ അന്തേവാസികൾ എന്നിവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഓണറേറിയം കൈപ്പറ്റുന്ന പ്രാദേശിക സർക്കാരുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ഓണറേറിയം കൈപ്പറ്റുന്ന വ്യക്തികൾ എന്നിവരിൽ ഓണറേറിയം ഉൾപ്പെടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവർക്ക് മറ്റു മാനദണ്ഡപ്രകാരം അർഹരാണെങ്കിൽ പെൻഷൻ അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ എന്നിവർക്കു അവർ സേവനമനുഷ്ഠിക്കുന്ന മതസ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതുൾപ്പെടെയുള്ള വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തപക്ഷം മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ പെൻഷൻ അനുവദിക്കാം.
