കർണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് പീറ്റര്‍ മച്ചാഡോ
ബംഗളൂരു: കർണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗളൂരു രൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ. ക്രിസ്ത്യന്‍ സ്കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതപരിവര്‍ത്തനം ചെയ്യപെട്ടുവെന്ന കണക്ക് സര്‍ക്കാര്‍ പുറത്തുവിടട്ടെയെന്ന് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു. ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്‍റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുക്കുമെങ്കില്‍ തനിക്ക് പ്രശനം ഇല്ല എന്നും ബിഷപ്പ് മച്ചാഡോ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ ബാവയ്ക്ക് ബെംഗളുരുവിലെ വിശ്വാസിസമൂഹം നല്‍കിയ സ്വീകരണച്ചടങ്ങിലാണ് ബെംഗളുരു രൂപതാ ആര്‍ച്ച് ബിഷപ്പില്‍ നിന്നും രൂക്ഷ പരാമര്‍ശങ്ങളുണ്ടായത്.
പാവപ്പെട്ടവരെ സഹായിക്കുന്നത് തെറ്റാണെങ്കിൽ താൻ ഇനിയും ആ പ്രവർത്തി തുടരുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു . നല്ലത് ചെയ്യുന്നതില്‍ നിന്നും നമ്മെ തടയാന്‍ ആര്‍ക്കുമാകില്ല. സ്കൂളുകളില്‍ എത്ര ബൈബിളുണ്ടെന്ന് കണക്കെടുക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എത്ര കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നിന്ന് മതം മാറ്റപ്പെട്ടു എന്ന കണക്കെടുത്ത് പുറത്തുവിടട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.