ഒന്ന് മുതല്‍ ആറാം ക്ലാസുവരെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് താലിബാന്‍റെ അനുമതി
കാബൂള്‍: പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് അനുമതി നൽകി താലിബാൻ. ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് താലിബാന്‍റെ വിദ്യാഭ്യാസ മന്ത്രാലയം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആറാം ക്ലാസിൽ താഴെയുള്ള പെൺകുട്ടികൾക്കായി സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം കത്ത് നൽകി. ഇസ്ലാമിക വസ്ത്രധാരണം പാലിച്ച് പെണ്‍കുട്ടികള്‍ക്ക് സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസം തുടരാമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം കത്തിൽ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍വ്വകലാശാല വിദ്യാഭ്യാസമടക്കം എല്ലാ ക്ലാസുകളിലേക്കുമുള്ള വിദ്യാര്‍ത്ഥിനികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ച് താലിബാന്‍ ഉത്തരവിറങ്ങി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് പുതിയ ഉത്തരവ് ഇറങ്ങിയതെന്നതും ശ്രദ്ധേയം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് കൊണ്ട് ഉത്തരവിറങ്ങിയതിന് പിന്നാലെ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
