സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇന്ന് പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തും വയനാട്ടിലും ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളോട് സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അപകട സാധ്യതാ മേഖലകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും കെ.രാജൻ തൃശൂരിൽ പറഞ്ഞു.
