മലയാളത്തിന്റെ ജന്മനാടിനിന്നു 65ാം വയസ്
1956 നവംബര്‍ ഒന്നിന് കേരളം അറബിക്കടലിനോടു ചേര്‍ന്ന് രൂപപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വർഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് ഇവിടുത്തെ ഹരിതാഭയുമൊക്കെ തന്നെ. ഒപ്പം കൊതിയൂറുന്ന കേരള വിഭവങ്ങളും. ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നായിരുന്നു കേരളം. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. വര്‍ഷാ-വര്‍ഷം പ്രളയ ഭീതി, കാലാവസ്ഥ വ്യതിയാനം മഹാമാരികള്‍ ഇവയെല്ലാം കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്. വികസനത്തിനൊപ്പം നാട് മുന്നേറുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് പ്രകൃതി കനിഞ്ഞരുളിയ വിഭവങ്ങളാണെന്ന് ആരും ഓര്‍ക്കുന്നില്ല. എല്ലാ കൊല്ലവും നവംബര്‍ ഒന്ന് എന്ന് പറയുമ്പോള്‍ മലയാളിക്ക് ആവേശമാണ്. എന്നാല്‍ ഇത്തവണ ആവേശത്തിന് അല്പം കുറവുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല. കോവിഡില്‍ നട്ടം തിരിയുന്ന സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളും തുടര്‍ക്കഥ ആകുന്നതിനാലാണ്.
തുടർച്ചയായ പ്രളയങ്ങളും വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന കോവിഡ് മഹാമാരിയും നൽകുന്ന ആശങ്കകൾക്കിടയിലും കേരളത്തിന് ഇത് ഉയിർത്തെഴുന്നേൽപിന്റെയും പ്രതീക്ഷകളുടെയും ജന്മവാർഷികമാണ്. നവോത്ഥാനം സൃഷ്ടിച്ച നവമലയാളിയുടെ രാഷ്ട്രീയ ഭൂപടമാണ് കേരളം. പൊയ്പ്പോയ മാമൂലുകളുടെയും അനാചാരങ്ങളുടെയും തിരിച്ചു വരവിനെ പ്രതിരോധിച്ച് 65ാം വർഷം അത് വിജയിച്ചു നിൽക്കുന്നു. മതഭ്രാന്തിനെയും വർഗീയതയെയും ചെറുത്ത് തോൽപ്പിച്ച് മാനവികതയുടെ തുരുത്താകുന്നു. 1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു അത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേർത്ത് ആ നവംബർ ഒന്നിന് മലയാളി അതിന്‍റെ ഭൂപടം വരച്ചു. പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും 65 സുവർണ വർഷങ്ങളാണത്. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം, അങ്ങനെയാണ് കേരളത്തിന്‍റെ പിറവി.
1953ൽ ഫസൽ അലി അധ്യക്ഷനായും സർദാർ കെ.എം പണിക്കർ അംഗമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ റിപ്പോർട്ട് 1955ൽ കേന്ദ്ര സർക്കാരിന് നൽകി. ഈ റിപ്പോർട്ടിൽ കേരള സംസ്ഥാനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച രൂപരേഖ ഉണ്ടായിരുന്നു. സംസ്ഥാന പുനഃസംഘടനാ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയാറാക്കിയത്. കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദ്രാസ് സംസ്ഥാനത്തോട് ചേർത്തു. ശേഷിച്ച തിരുവിതാം കൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിന് നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെടുകയും ചെയ്‌തു.നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുനഃസംഘടന നടന്നത്. സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് കെ ടി കോശിയായിരുന്നു. ആദ്യ ചീഫ് സെക്രട്ടറി എൻ ഇ എസ് രാഘവാചാരി. ആദ്യ പോലീസ് ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നു നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. നിലവിൽ 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് കേരളം. നഗരവത്കരണത്തിലും കേരളം വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിങ്ങനെ ആറു കോർപറേഷനുകളാണ് കേരളത്തിലുള്ളത്.ആറര പതിറ്റാണ്ട് നീണ്ട കാലത്തിനിടയിൽ ഒട്ടേറെ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി. സാമൂഹ്യ പുരോഗതിയിലും കലാ-കായിക-സാംസ്കാരിക മേഖലകളിലും കേരളം മുൻനിരയിൽ നിൽക്കുന്നു. ടൂറിസം മേഖലയിലും കേരളം ഒന്നാമതാണ്.