കല്ലൂപ്പാറക്കാരന് 30 കോടി
കല്ലൂപ്പാറക്കാരന് 30 കോടി.
തിരുവല്ല : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ഒന്നാം സമ്മാനം. കുവൈറ്റിൽ ജോലി ചെയ്യുന്ന നോബിൻ മാത്യുവിനാണ് ഇന്ന് നടന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം(എകദേശം 30 കോടി) ഗ്രാൻ്റ് പ്രൈസ് ലഭിച്ചത്.
ഫേസ് ഓഫ് തിരുവല്ലയുടെ അഭിനന്ദനങ്ങൾ.
കല്ലൂപ്പാറ പെരിയലത്തു മാത്യു (തമ്പി) യുടെയും പരേതയായ നിർമലയുടെയും മകനാണ് നോബിൻ.
നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തയാളായിരുന്നു നോബിൻ.
സുഹൃത്തുക്കളായ പ്രമോദും മിനു തോമസുമാണ് തങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റെടുക്കാന്‍ നോബിനെ നിര്‍ബന്ധിച്ചത്.
കഴിഞ്ഞ മാസം ടിക്കറ്റെടുത്തെങ്കിലും ഭാഗ്യം കടാക്ഷിച്ചില്ല. ഇതോടെ ഒരു തവണ കൂടി എടുത്ത ശേഷം ഈ പരിപാടി
മതിയാക്കണമെന്ന് തീരുമാനമെടുത്തു. അങ്ങനെയെടുത്ത രണ്ടാമത്തെയും അവസാനത്തെയും ടിക്കറ്റിലൂടെ 30 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളും ഇനി സമ്മാനത്തുക പങ്കുവെക്കും
ഓൺലൈൻ മുഖേനെ ഒക്‌ടോബർ 17ന് നോബിൻ എടുത്ത 254806 എന്ന ടിക്കറ്റ് നമ്പറിനാണ് നറുക്ക് വീണത്. ഒന്നാം സമ്മാനം ലഭിച്ച വിവരം സംഘാടകർ വേദിയിൽ വെച്ചുതന്നെ അദ്ദേഹത്തെ ഫോണിൽ വിളിച്ചറിയിച്ചു.
നറുക്കെടുപ്പ് ലൈവായി നടക്കുകയാണോ എന്ന നോബിൻ്റെ ചോദ്യത്തിന് അല്ലെന്ന മറുപടിയാണ് ബിഗ് ടിക്കറ്റ് സംഘാടകർ നൽകിയത്. തുടർന്ന് താങ്കളാണ് ഒന്നാം സമ്മാനം നേടിയതെന്ന് സംഘാടകർ അദ്ദേഹത്തെ അറിയിച്ചു. സന്തോഷം പങ്കുവച്ച നോബിൻ ബിഗ് ടിക്കറ്റ് സംഘാടകർക്ക് നന്ദി പറഞ്ഞു.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 38കാരനായ നോബിൻ 2007ലാണ് കുവൈറ്റിൽ എത്തിയത്. മാതാപിതാക്കൾ ഒമാനിൽ ജോലി ചെയ്‌തിരുന്നതിനാൽ ഗൾഫിലായിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം. ഒരു സ്‌പെയർ പാർട്‌സ് കമ്പനിയുടെ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് നോബിൻ
