Ultimate magazine theme for WordPress.

പട്ടിണി കിടന്നു മരിച്ചാൽ സ്വർഗ്ഗ ത്തിലെത്താം : വ്യാജ പാസ്റ്ററുടെ നിർദേശത്തിൽ കൂട്ട ആത്മഹത്യാ

കെനിയ :പട്ടിണി കിടന്ന് മരിച്ചാല്‍ സ്വര്‍ഗത്തിലെത്താന്‍ സാധിക്കുമെന്ന പാസ്റ്ററുടെ ഉപദേശം അനുസരിച്ച് കെനിയയില്‍ ആത്മഹത്യ ചെയ്ത 47 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യേശുവിനെ കാണാന്‍ പട്ടിണി കിടന്ന് മരിക്കണമെന്ന് ഗുഡ് ന്യൂസ് ഇന്റർനാഷണല്‍ ചർച്ച് തലവനായ പോള്‍ മക്കെന്‍സി നെന്‍ഗെ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അനുയായികള്‍ ഭക്ഷണം ഉപേക്ഷിച്ചത്. ഇതേക്കുറിച്ച് അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തുമ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് . നെന്‍ഗെയുടെ അറസ്റ്റിന് ശേഷം കിഴക്കന്‍ കെനിയയിലെ മാലിന്‍ഡിയില്‍ മൂന്ന് ദിവസം നടത്തിയ വിശദമായ പരിശോധനയിലാണ് 47 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച 26 പേരുടേയും പിന്നീട് 21 പേരുടേയും മൃതശരീരങ്ങള്‍ പോലീസ് കണ്ടെത്തി. ഇതുവരെ 47 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. പട്ടിണി കിടന്ന് തന്നെയാണോ ഇവർ മരിച്ചതെന്ന് കണ്ടെത്തുന്നതിനായി പാത്തോളജിസ്റ്റുകള്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ഷാകഹോള വനത്തില്‍ പട്ടിണി കിടന്ന് ജീവനൊടുക്കാന്‍ ചിലർ ശ്രമിക്കുന്നതായി അറിഞ്ഞതിനെ തുടർന്ന് പോലീസ് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേരെ രക്ഷപ്പെടുത്തി.ദുരാചാരത്തെ അതിജീവിച്ചവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഇപ്പോഴും തുടരുകയാണ്. കണ്ടെത്തിയവരില്‍ ചിലര്‍ ഇപ്പോഴും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയാണെന്നും കിഴക്കന്‍ കെനിയയിലെ മലിന്‍ഡിയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വ്യക്തമാക്കി.

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ മേധാവിയും മത പ്രചാരകനുമായ പോള്‍ മക്കെന്‍സി നെന്‍ഗെ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്ക് പ്രദേശത്തെ വിശ്വാസികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനമാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചത്.നെന്‍ഗെയുടെ 6 കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ പളളി 2019ല്‍ അടച്ച് പൂട്ടിയതാണെന്നും നെന്‍ഗെ വാദിച്ചു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.