ചരിത്ര തീരുമാനം: കത്തോലിക്കാ സഭാ സിനഡിൽ സ്ത്രീകൾക്കും വോട്ടവകാശം
വത്തിക്കാൻ: കത്തോലിക്കാ സഭാ ബിഷപ്പുമാരുടെ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. സഭാകാര്യങ്ങളിൽ സ്‌ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം നൽകുന്നതിന്റെ ഭാഗമായാണ് ഈ ചരിത്ര തീരുമാനം. ഇതുസംബന്ധിച്ച് മാർപാപ്പ അംഗീകരിച്ച രേഖ വത്തിക്കാൻ ബുധനാഴ്ച പ്രസിദ്ധീകരിച്ചു.
ഓരോ സന്യാസ സഭയിൽ നിന്നും അഞ്ചു വീതം കന്യാസ്ത്രീകൾക്ക് സിനഡിൽ വോട്ടുചെയ്യാം. കത്തോലിക്ക സഭയിൽ നവീകരണത്തിനു തുടക്കമിട്ട 1960കളിലെ രണ്ടാം വത്തിക്കാൻ സുന്നഹദോസിനു ശേഷം അതതുകാലത്തെ മാർപാപ്പമാർ ലോകത്തെ ബിഷപ്പുമാരെയെല്ലാം റോമിൽ വിളിച്ചുചേർത്ത് പ്രത്യേക വിഷയങ്ങളിൽ ചർച്ചനടത്താറുണ്ട്.
ബിഷപ്പുമാർക്ക് പുറമേ സന്യാസ സഭാ പ്രതിനിധികളായി അഞ്ച് വൈദികരും അഞ്ച് കന്യാസ്ത്രീകളും സിനഡിൽ പങ്കെടുക്കും. ചർച്ചയ്‌ക്ക് ശേഷം നിർദേശങ്ങളിൽ വോട്ടെടുപ്പ് നടത്തി മാർപ്പാപ്പയ്‌ക്ക് സമർപ്പിക്കും. എന്നാൽ പുരുഷന്മാർക്ക് മാത്രമായിരുന്നു വോട്ടവകാശം. മാർപാപ്പയുടെ അനുമതിയോടെ ഇനി മുതൽ സന്യാസ സഭ പ്രതിനിധികളായി പങ്കെടുക്കുന്ന കന്യാസ്ത്രീകളും വോട്ടവകാശം ഉണ്ടാകും. ദീർഘനാളത്തെ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
ബിഷപ്പുമാരല്ലാത്ത 70 പേരെ സിനഡിൽ പങ്കെടുപ്പിക്കാനും മാർപാപ്പ തീരുമാനിച്ചു. ഇതിൽ പകുതി സ്ത്രീകളായിരിക്കും. ഇവർക്കും വോട്ടവകാശമുണ്ടായിരിക്കും.പട്ടികയിൽ യുവജനങ്ങൾക്ക് പ്രാധാന്യം ഉണ്ടാകണമെന്നും നിർദേശമുണ്ട്. വത്തിക്കാൻ ഭരണസമിതികളിൽ നിന്നുള്ള പ്രതിനിധികളെ മാർപാപ്പ നേരിട്ട് തെരഞ്ഞെടുക്കും. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ 10 പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനു നൽകുന്ന 20 പേരുടെ പട്ടികയിൽ 10 പേർ സ്ത്രീകളായിരിക്കണമെന്നും നിർദേശമുണ്ട്.
