സംസ്ഥാനത്ത് വാരാന്ത്യ സെമി ലോക്കഡോൺ മാത്രം ; രാത്രികാല കർഫ്യൂ തുടരും.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത് സർവകക്ഷി യോഗത്തിൽ തീരുമാനമായി. അതേസമയം, വാരാന്ത്യ സെമി ലോക്ക്ഡൗൺ തുടരാനും തീരുമാനം. ശനി, ഞ്ഞായർ ദിവസങ്ങളിൽ നിലവിലുളള കടുത്ത നിയന്ത്രണങ്ങൾ തുടരും. കടകൾ 7.30 വരെയേ പ്രവർത്തിക്കൂ. രാത്രികാല കർഫ്യൂ തുടരും.
നിലവിലുളള നിയന്ത്രണങ്ങൾ അതുപോലെ തുടർന്നശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് യോഗത്തിലുണ്ടായ തീരുമാനം. അതേസമയം,വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചു. വിവിധ പാർട്ടികൾ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യാനും തീരുമാനിച്ചു.വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. ഇക്കാര്യത്തില്‍ 26നു ചേരുന്ന സര്‍വകക്ഷി യോഗം തീരുമാനമെടുക്കുമെന്നാണു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം വരും. ജില്ലാ ഭരണകൂടത്തിന് ഏതുതരത്തിലുളള നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കാം.
കോവിഡ്-19 പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന നിലപാടാണു പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം, നിയന്ത്രണങ്ങള്‍ കൃത്യമായി തുടര്‍ന്നാല്‍ സംസ്ഥാനത്തെ രോഗവ്യാപനം മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തലെന്നു മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപനം മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തുമെങ്കിലും തുടര്‍ന്നു കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനത്ത് ഏതാനും ദിവസങ്ങളിലായി ഇരുപത്തി അയ്യായിരത്തിലേറെ പേര്‍ക്കു വീതമാണു രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. ഇന്നലെ 28,469 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നാണു സര്‍ക്കാര്‍ പറയുന്നത്. കോവിഡ് രൂക്ഷമായ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി ആവശ്യത്തിന് ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളുണ്ടെന്നതും ഓക്സിജന്‍ ക്ഷാമമില്ലെന്നതും സര്‍ക്കാരിനും ആരോഗ്യസംവിധാനങ്ങള്‍ക്കും വലിയ ആശ്വാസമാണ്.
