ആംസ്റ്റർഡാം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻറിനും ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതോടെ ഇസ്രായേൽ പ്രതിസന്ധിയിലായി. തങ്ങളുടെ നാട്ടിൽ പ്രവേശിച്ചാൽ ഇവരെ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചു.
ഐസിസി സ്ഥാപിച്ച റോം ചട്ടത്തിൽ ആറ് ഭൂഖണ്ഡങ്ങളിലായി 124 രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങൾ അറസ്റ്റ് വാറൻറ് നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകൻ ജോനാഥൻ കുട്ടബ് പറഞ്ഞു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ഗസ്സയിലെ യുദ്ധക്കുറ്റങ്ങളും ആരോപിച്ചാണ് നെതന്യാഹുവിനും ഗാലൻറുമെതിരായ ഐസിസിയുടെ നടപടി.
ഇസ്രായേലും അമേരിക്കയും കോടതിയുടെ ഭാഗമല്ല.
എന്നാൽ ഇസ്രായേലിന്റെ പല സഖ്യകക്ഷികളും, പ്രത്യേകിച്ച് യൂറോപ്യൻ യൂനിയനടക്കം അറസ്റ്റ് വാറൻറ് നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ നേരത്തേത് പോലെ സ്വതന്ത്രമായി യാത്ര ചെയ്യാൻ ഇനി നെതന്യാഹുവിന് സാധ്യമാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്വന്തമായി പൊലീസില്ലാത്തതിനാൽ ഐസിസിക്ക് നേരിട്ട് ഇവരെ അറസ്റ്റ് ചെയ്യാനാകില്ല എന്നതാണ് മറ്റൊരു കാര്യം. 2023ൽ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന് നേരെയും കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, പുടിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

Comments are closed.