അബുദാബി : പ്രമേഹം മുതൽ ഹൃദയമിടിപ്പ് വരെ സ്‌മാർട്ട് ഫോൺ ക്യാമറ വഴി സെക്കൻഡുകൾക്കുള്ളിൽ സ്വയം പരിശോധിക്കാവുന്ന സംവിധാനം പ്രഖ്യാപിച്ച് യുഎഇ. ദുബായിൽ സമാപിച്ച അറബ് ഹെൽത്തിലാണ് എഐ സംവിധാനമായ ‘ബയോസൈൻസ്’ പദ്ധതി പ്രഖ്യാപിച്ചത്.
പരമ്പരാഗത മാതൃകയിൽ ലാബിൽ പോയി പരിശോധിച്ച് ഫലത്തിനായുള്ള നീണ്ട കാത്തിരിപ്പും ഇതോടെ ഒഴിവാക്കാം. നിമിഷ നേരംകൊണ്ട് ഫലവും അറിയാം ഇതിനു കാര്യമായ ചെലവില്ലെന്നതാണ് നേട്ടം. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആരോഗ്യസംരക്ഷണം എളുപ്പമാക്കുന്നതിനായി വികസിപ്പിച്ച ബയോസൈൻസ് സംവിധാനം സ്‌മാർട്ട്ഫോൺ ക്യാമറകളെ മനുഷ്യൻ്റെ ആരോഗ്യസ്‌ഥിതി അളക്കുന്ന ഉപകരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ സംവിധാനം വഴി മനുഷ്യൻ്റെ മുഖം സ്കാൻ ചെയ്താണ് ചർമത്തിൻ്റെ നിറത്തിലും ചർമ്മത്തിനടിയിലെ രക്തപ്രവാഹത്തിലുമുള്ള സൂക്ഷ്‌മമായ മാറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുക.
